കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന സുപ്രധാന കേസുകളില്‍ ലോക്കല്‍ പോലീസ് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം ക്രൈംബ്രാഞ്ചിനു കൈമാറിയാല്‍ മതിയെന്ന് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്. ലോക്കല്‍ പോലീസ് അടുത്തിടെ ക്രൈംബ്രാഞ്ചിനു കൈമാറിയ പാതിവില തട്ടിപ്പ് കേസുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് എന്നിവയില്‍ പ്രാഥമികാന്വേഷണം നടത്തുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
ഈ കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നതിനാല്‍ പ്രാഥമികാന്വേഷണം പോലും ശരിയായി നടത്തിയിരുന്നില്ലെന്ന് ആക്ഷേപവും ഉണ്ടായിരുന്നു. ഇത് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് സാങ്കേതിക തടസങ്ങളും സൃഷ്ടിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഡിജിപി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. തിരുവനന്തപുരത്ത് അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ആദ്യഘട്ടത്തിലെ തെളിവുകള്‍ ശേഖരിക്കേണ്ടതിനെക്കുറിച്ചുള്ള ഡിജിപിയുടെ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ട്.
സുപ്രധാന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍, സാഹചര്യ തെളിവുകള്‍ എന്നിവ ലോക്കല്‍ പോലീസ് ശേഖരിക്കണം. അല്ലാത്ത പക്ഷം മികച്ച തെളിവുകള്‍ കണ്ടെത്താനാവാത്ത വിധം നഷ്ടപ്പെട്ടേക്കാമെന്നും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.
സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് ലോക്കല്‍ പോലീസ് കുറഞ്ഞത് 15 ദിവസത്തെ അന്വേഷണം നടത്തണം. വിശദ വിവരങ്ങള്‍ ശേഖരിക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മാത്രം കേസുകള്‍ കൈമാറിയിട്ടുണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് എഡിജിപി അക്കാര്യം പ്രത്യേക റിപ്പോര്‍ട്ടായി നല്‍കുകയും തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഏതെങ്കിലും ജില്ലയില്‍ നടക്കുന്ന വളരെ പ്രധാനപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുള്ളപ്പോള്‍, അന്വേഷണത്തിന്റെ ആദ്യ ദിവസം മുതല്‍ ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന് ലോക്കല്‍ പോലീസിന്റെ അന്വേഷണവുമായി ബന്ധപ്പെടണം. ക്രൈംബ്രാഞ്ചിന്റെ വൈദഗ്ധ്യം ലോക്കല്‍ പോലീസ് ഉപയോഗിക്കുകയും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയാണെങ്കില്‍ അത് അന്വേഷണത്തിന് ഏറെ ഗുണകരമാവുകയും ചെയ്യുമെന്നും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.
സീമ മോഹന്‍ലാല്‍