കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷന് നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടന്‍ കത്ത് നല്‍കും. കൃത്യം നടന്ന 29-ാം ദിവസം പോലീസ് കുറ്റപത്രം നല്കി.
മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണവേഗത്തിലാക്കാനാണ് പ്രത്യേക കോടതി വേണമെന്ന് ആവശ്യം പ്രോസിക്യൂഷന് മുന്നോട്ടു വച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 16 നാണ് ലഹരിക്ക് അടിമയായ ഋതു ജയന് വീട്ടിലേക്ക് പ്രകോപനമില്ലാതെ കടന്നുവന്ന് അയല്‍വാസികളായ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ, വിനീഷയുടെ ഭര്‍ത്താവ് ജിതിന് എന്നിവരെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇതില്‍ വേണുവും ഉഷയും വിനീഷയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ജിതിന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.