കോട്ടയം: ഇപ്പോഴത്തെ 39 ഡിഗ്രി പകല്ച്ചൂടില് ഉണങ്ങിയ നെല്ലിനും കുത്തുമില്ലുകാര് ആറു കിലോ കിഴിവു ചോദിക്കുന്നു. നെല്ലില്‍ ഈര്‍പ്പത്തിന്റെ അംശം കാണിക്കാമോ എന്നു കര്‍ഷകര്‍ ചോദിക്കുമ്പോള്‍ നെല്ലിന് ഗുണമേന്മ കുറവാണെന്നും കറവലുണ്ടെന്നുമാണ് മില്ലുടമകളുടെ വാദം. മില്ലുകാര്‍ക്ക് ഒത്താശ ചെയ്യാന്‍ പതിവുപോലെ കരാറുകാരും പാഡി ഓഫീസര്‍മാരും വരമ്പത്തുണ്ട്.
കല്ലറ, വൈക്കം, തലയാഴം, അയ്മനം പ്രദേശങ്ങളില്‍ പുഞ്ച കൊയ്ത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ കര്‍ഷകരെ ഒരേസമയം മില്ലുകാരും പാഡി ഓഫീസര്‍മാരും തൊഴിലാളികളും പിഴിയുകയാണ്. കിഴിവ് അന്യായമാണെന്ന് നിലപാടിനെത്തുടര്‍ന്ന് കല്ലറയില്‍ പതിനഞ്ചു ദിവസമായി നെല്ല് പാടത്ത് കിടന്നുണങ്ങുകയാണ്.
അപ്പര്‍ കുട്ടനാട്ടില്‍ ഓരുവെള്ള ഭീഷണിയില്ലാത്തതിനാല്‍ നെല്ലിന് ഗുണമേന്മയില് കുറവൊന്നുമില്ല. കറവലോ പതിരോ ഇല്ലാതിരിക്കെയും ഒരു ക്വന്റലിന് ആറു കിലോ വീതം കിഴിവു വേണമെന്ന നിലപാടിന് ഒത്താശ നല്‍കുകയാണ് പാഡി ഓഫീസര്‍മാര്‍. വേനല്‍മഴ തുടങ്ങിയാല്‍ കൊയ്ത്തും സംഭരണവും കടുത്ത പ്രതിസന്ധിയിലാകും.
അന്യായകൂലി:വല്ലാത്ത പകല്‍ക്കൊള്ള
കൊയ്ത്തു കൂലിക്ക് മാനദണ്ഡമുണ്ടാക്കാന്‍ സര്‍ക്കാരിനും കൃഷിവകുപ്പിനും താത്പര്യമില്ല. കൊള്ളക്കൂലി പിടിച്ചുവാങ്ങി തൊഴിലാളികള്‍ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കട്ടെ എന്നതാണ് യൂണിയന് നേതാക്കളുടെ നിലപാട്. കൊയ്ത്ത് സീസണില്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിലൊന്നുപോലും ലഭിക്കില്ല കര്‍ഷകനു വരുമാനം.
വാരുകൂലി, ചുമട്ടുകൂലി, ലോഡിംഗ് കൂലി എന്നിങ്ങനെ ദിവസം മൂവായിരം രൂപ മുതല്‍ അയ്യായിരം രൂപവരെ ലഭിക്കുന്നവരാണ് ഏറെ തൊഴിലാളികളും. ഇതുകൂടാതെ വെള്ളംകുടിക്കാശ് എന്ന പേരില്‍ വേറൊരു അന്യായപ്പിരിവും തൊഴിലാളികള്‍ ഉടമകളില്‍നിന്ന് നടത്താറുണ്ട്. അര ലക്ഷം രൂപ കൃഷിച്ചെലവില്‍ ഒരേക്കറില്‍ നെല്ല് നട്ടുവളര്‍ത്തി നാലു മാസത്തെ കാത്തിരിപ്പിനുശേഷം കൊയ്താല്‍ കര്ഷകന് ലഭിക്കുന്ന മിച്ചം പരമാവധി പതിനായിരം രൂപ.
ഇത്രയും കൊയ്യാന്‍ യന്ത്രവാടകയും തൊഴില്ക്കൂലിയും മാത്രം പതിനായിരം രൂപ വേണം. കൊയ്ത്ത് സീസണ് മുന്‍പ് ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കൂലിനിരക്ക് നിശ്ചയിക്കണമെന്നാണ് ചട്ടം. യൂണിയനുകള്‍ സഹകരിക്കാത്തതിനാല്‍ ഇത് നടപ്പാകാറില്ല. മാത്രവുമല്ല നിശ്ചയിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കൂലി വാങ്ങുകയും ചെയ്യും.
കൊയ്ത്ത് യന്ത്രം എത്തിക്കുന്ന ഇടനിലക്കാര്‍ക്കും കമ്മീഷന് നല്‍കണം. മണിക്കൂറിന് 1800 രൂപയാണ് കൊയ്ത്ത് യന്ത്രത്തിന് വാടക. കായല്‍പ്പാടങ്ങളില്‍ രണ്ടായിരത്തിനു മുകളിലും. പല കാരണങ്ങള്‍ നിരത്തി 2100 രൂപവരെ യന്ത്രവാടക വാങ്ങിയെടുക്കും.
നെല്ല് കുത്തി അരിയാക്കുന്ന മില്ലുകള്‍ക്ക് ക്വിന്റലിന് 220 രൂപ കൈകാര്യച്ചെലവായി ലഭിക്കുമ്പോള്‍ കര്ഷകന് രണ്ടു പതിറ്റാണ്ടിലേറെയായി ലഭിക്കുന്നത് ക്വിന്റലിന് 12 രൂപ. 2002ല്‍ സഹകരണസംഘങ്ങള്‍ വഴി മില്ലുകള്‍ നെല്ല് സംഭരിച്ചിരുന്ന കാലത്താണ് കൈകാര്യച്ചെലവായി ക്വിന്റലിന് 12 രൂപ നിശ്ചയിക്കപ്പെട്ടത്.
പിന്നീട് സംഭരണം സപ്ലൈകോ ഏറ്റെടുത്തെങ്കിലും കൈകാര്യച്ചെലവ് ഉയര്‍ത്തിയില്ല. ഒരു ക്വിന്റല്‍ നെല്ലിന് വാര് കൂലി- 40 രൂപ. ചുമട്ടുകൂലി- 145, വള്ളക്കൂലി 45, വള്ളത്തില്‍നിന്ന് ലോറിയിലേക്ക് കയറ്റുന്നതിന് – 40.
ഇന്‍ഷ്വറന്‍സും രക്ഷയാകുന്നില്ല
നെല്ലിന് കരുതലായി കേന്ദ്രവും സംസ്ഥാനനും ഇന്‍ഷ്വറന്‍സ് പ്രഖ്യാപിച്ച് എല്ലാ വര്‍ഷവും പ്രീമിയം കൈപ്പറ്റുന്നുണ്ടെങ്കിലും നഷ്ടപരിഹാരം ലിക്കാറില്ല.പ്രളയകാലത്തും കഴിഞ്ഞ കാലവര്‍ഷത്തിലും മടവീണ് വന്‍തോതില്‍ കൃഷിനാശമുണ്ടായിട്ട്ചില്ലിക്കാശുപോലും കര്‍ഷകര്‍ക്ക് ലഭിച്ചില്ല.
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിയമാവലിപ്രകാരം പാടശേഖരം അടിസ്ഥാനത്തിലോ കൃഷിഭവന്, പഞ്ചായത്ത് അടിസ്ഥാനത്തിലോ നഷ്ടപരിഹാരം കണക്കാക്കാന്‍ സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്. പ്രധാനമന്ത്രി ഫസല്‍ബീമാ യോജന സ്കീമില്‍ ഹെക്ടറിന് 30,000 രൂപ മുതല്‍ 85,000 രൂപ വരെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
സംസ്ഥാന കൃഷി വകുപ്പിന്റെ വിള ഇന്‍ഷ്വറന്‍സ് ഹെക്ടറിന് 35,000 രൂപ വരെ കവറേജുണ്ട് ഫസല്‍ ബീമായോജന വാര്‍ഷിക പ്രീമിയം 640 രൂപയും സംസ്ഥാന ഇന്‍ഷ്വറന്‍സിന് 100 രൂപയുമാണ്. കൈകാര്യച്ചെലവ് വര്‍ധിപ്പിക്കാനോ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുംവിധം നിയത്തില്‍ മാറ്റം വരുത്താനോ നടപടിയില്ല.