ചേര്‍ത്തല: നഗരത്തില്‍ വിവിധയിടങ്ങളില്‍ മോഷണശ്രമം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ചേര്‍ത്തല കോയിക്കര റെയില്‍വേ ക്രോസിനു സമീപമുള്ള ചില വീടുകളില്‍ 26ന് രാത്രിയിലാണ് മോഷണശ്രമം നടന്നത്.മുഖം കാണാതിരിക്കാന്‍ കൈലി കൊണ്ടു മറച്ച മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് കോയിക്കരയിലെ ഒരു വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞത്.
ബനിയന്ധാരികളായ മോഷ്ടാക്കളില്‍ രണ്ടുപേര്‍ ബര്‍മൂഡയും ഒരാള്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. വീടിന്റെ ഗേറ്റിലൂടെ പുരയിടത്തിലേക്കു കയറിയ മോഷ്ടാക്കളില്‍ ഒരാള്‍ അവിടെയുണ്ടായിരുന്ന അലക്കുക്കല്ലിന്റെ മുകളില്‍ ഇരിക്കുന്നതും ഇയാള്‍ മുഖംമൂടി അഴിക്കുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കാമറയില്‍ ഇയാളുടെ മുഖം വ്യക്തായി കാണാന്‍ കഴിയുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ വീടിന്റെ ജനല്‍ അറത്തുമാറ്റി അകത്തുകയറി അലമാര പൊളിച്ച് മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിലപിടിച്ചതൊന്നും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ശ്രമം വിഫലമായി. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചു താഴെയിട്ടു വീട് മൊത്തം അരിച്ചുപെറുക്കിയെങ്കിലും വിലപിടിച്ചതൊന്നും കിട്ടിയില്ല.
സമീപമുള്ള സഹകരണ കോളജിലെ ജീവനക്കാരനും രണ്ടു വിദ്യാര്‍ഥികളും ഇവിടെ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. സിസിടിവി കാമറയില്‍ മോഷ്ടാക്കളില്‍ ഒരാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
26ന് രാത്രി 10.45 നുശേഷം മോഷണത്തിനായി വീടിന്റെ അകത്തുകയറിയ മോഷ്ടാക്കള്‍ 11 കഴിഞ്ഞ് വീടിന്റെ പുറത്തേക്കു പോകുന്നതായും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേര്‍ത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.