വെബ്‌ഡെസ്ക്
വിനാശകരമായ ആയുധങ്ങള്‍ പലതുമുണ്ടെങ്കിലും തോക്കുതന്നെ രാജാവ്. മറ്റൊരു ആയുധമില്ലെങ്കില്‍ തോക്കില്ലാത്ത പടയുണ്ടാവില്ല.
എംജിത്രീ മെഷീന്‍ ഗണ്‍, എഫ്എന്‍ എഫ്2000 അസോള്‍ട്ട് റൈഫിള്‍ തുടങ്ങി പുറത്ത് ഒരു മുറിവുപോലും അവശേഷിപ്പിക്കാതെ ആളെ തീര്‍ക്കുന്ന തോക്കുകള്‍ നിലവിലുണ്ട്. എന്നിരുന്നാലും എകെ-47 എന്ന തോക്ക് ലോകത്ത് സൃഷ്ടിച്ച തരംഗം തീര്‍ക്കാന്‍ പുതിയൊരു തോക്ക് ജനിക്കേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ തോക്ക് എന്ന ബഹുമതി എകെ-47ന് സ്വന്തമാണ്. എകെ-56, എകെ-74, എകെ-101 തുടങ്ങിയ റൈഫിള്‍ സഹോദന്മാരേക്കാള്‍ പ്രശസ്തനായ എകെ-47ന്റെ കഥ രാഷ്ട്രദീപിക വായനക്കാര്‍ക്ക് വായിക്കാം.
അവ്‌റ്റോമാറ്റ് കലാനിഷ്‌ക്കോവാ എന്ന റഷ്യന്‍ പേരിന്റെ ചുരുക്കെഴുത്താണ് എകെ-47. ഈ തോക്കിനു ജന്മം നല്‍കിയ സോവിയറ്റ് സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലായ മിഖായേല്‍ കലാനിഷ്‌ക്കോവിന്റെ സ്മരണയ്ക്കായിയാണ് പേരില്‍ കലാനിഷ്‌ക്കോവാ എന്നു ചേര്‍ത്തത്. “ഓവ” എന്നു സാധാരണ റഷ്യന്‍ പെണ്‍കുട്ടികള്‍ക്കിടുന്ന പേരാണ്. അങ്ങനെയെങ്കില്‍ കലാനിഷ്‌ക്കോവിന്റെ മകളാണ് എകെ-47. കലാനിഷ്‌ക്കോവ് വെറുമൊരു പട്ടാളക്കാരന്‍ മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍, എഴുത്തുകാരന്‍, ആയുധ രൂപകര്‍ത്താവ് എന്നീ നിലകളിലെല്ലാം മികവുതെളിയിച്ച ആളായിരുന്നു ഇദ്ദേഹം. 1938ല്‍ നിര്‍ബന്ധിതസേവനത്തിനു നിയോഗിക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ സൈനീക ജീവിതം തുടങ്ങുന്നത്. മെക്കാനിക്ക് എന്ന നിലയില്‍ അഭിരുചി പ്രകടമാക്കിയ കലാനിഷ്‌ക്കോവിന് സൈന്യത്തില്‍ ടാങ്ക് കമാന്‍ഡര്‍ എന്ന ജോലിയായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ അദ്ദേഹത്തിന് മാരകമായി പരിക്കേറ്റു. എന്നാല്‍ സുഖം പ്രാപിച്ച അദ്ദേഹം ഒരു തീരുമാനമെടുത്തു സോവിയറ്റ് സൈന്യത്തിനായി ഒരു പുതിയ റൈഫിള്‍ വികസിപ്പിക്കുക. 1941 മുതല്‍ 1942 വരെ നടന്ന കഠിനമായ പരിശ്രമത്തിന്റെ ഫലമായ കലാനിഷ്‌ക്കോവ് പുതിയൊരു റൈഫിള്‍ വികസിപ്പിച്ചെടുത്തു.
അഭിനന്ദനം പ്രതീക്ഷിച്ച കലാനിഷ്‌ക്കോവിന് ലഭിച്ച സ്വീകരണം മറ്റൊരു രീതിയിലായിരുന്നു. വിശ്വസനീയമായ മാതൃകയല്ലയെന്നു പറഞ്ഞ മേലുദ്യോഗസ്ഥര്‍ ഇതുതള്ളി. എന്നിരുന്നാലും ഈയൊരു പരീക്ഷണം ഉദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റി. അതോടെ കലാനിഷ്‌ക്കോവിനെ ചെറിയ ആയുധങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ഗ്രൂപ്പില്‍ നിയമിച്ചു. അങ്ങനെ ആ ഗ്രൂപ്പിലെ മറ്റ് എഞ്ചിനിയര്‍മാരോടൊപ്പം ചേര്‍ന്ന് ഒടുവില്‍ കലാനിഷ്‌ക്കോവ് ഐതിഹാസികമായ എകെ-47 എന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി. പിന്നാലെ എകെ കുടുംബത്തിലെ മറ്റു തോക്കുകളുടെ വികാസത്തിനും കലാനിഷ്‌ക്കോവി്‌ന്റെ തലച്ചോര്‍ പ്രവര്‍ത്തിച്ചു. 150ല്‍ പരം തോക്കുകളാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. എകെ-47 സോവിയറ്റ് സൈന്യം ഉപയോഗിച്ചു തുടങ്ങിയത് 1947 മുതലാണ്. അതിന്റെ സ്മരണയ്ക്കായാണാണ് എകെയുടെ കൂടെ 47 കൂട്ടിച്ചേര്‍ത്തത്.
ഇന്ന് ഏതര്‍ഥത്തില്‍ നോക്കിയാലും ലോകത്തിലെ ഏറ്റവും വിജയമായ റൈഫിള്‍ എന്ന പേര് എകെ-47ന് സ്വന്തം. പ്രഹരശേഷി കൂടിയ തോക്കുകള്‍ കാലത്തിനനുസരിച്ച് മാറിവന്നെങ്കിലും ഇങ്ങ്് ഏഴു ദശാബ്ദത്തിനിപ്പുറവും എകെ-47 തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. കൃത്യതയാണ് എകെ-47നെ ലോകമെമ്പാടുമുള്ള സൈനീകര്‍ക്ക് പ്രിയങ്കരമാക്കിയത്. സൈനീകരുടെ മാത്രമല്ല തീവ്രവാദികളുടെയും പ്രിയം സമ്പാദിക്കുവാന്‍ എകെ-47ന് കഴിഞ്ഞുവെന്നു പറഞ്ഞാല്‍ തെറ്റില്ല. യഥാര്‍ഥത്തില്‍ പലകാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന തോക്കുകളുടെ സംയോജനമാണ് കലാനിഷ്‌ക്കോവ് എകെ-47നിലൂടെ സാധ്യമാക്കിയത്. കാലത്തെ അതിജീവിക്കാന്‍ എകെ-47ന് ശേഷി നല്‍കിയതും ഇതൊക്കെയായിരിക്കണം. മാത്രമല്ല മറ്റു തോക്കുകളെ അപേക്ഷിച്ച് ഉത്പാദനച്ചിലവും കുറവായത് ലോകമെമ്പാടുമുള്ള സൈന്യങ്ങളിലേക്ക് എകെ-47ന്റെ ഒഴുക്കിനു കാരണമായി.
ശത്രുപാളയങ്ങളിലേക്ക് തുരുതുരെ വെടിവയ്ക്കാന്‍ സഹായിക്കുന്ന തോക്ക് അന്നേവരെ സൈനീകര്‍ക്ക് അന്യമായിരുന്നുവെന്നു പറയാം. എക്കാലത്തെയും ഫലപ്രദമായ റൈഫിള്‍ എന്നു പോലും പല സൈനികരും എകെ-47നെ വിശേഷിപ്പിക്കുന്നുണ്ട്. എകെ-47ന്റെ വകഭേദങ്ങള്‍ പലതും കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പുറത്തിറങ്ങി. 100 വ്യത്യസ്ഥയിനം തോക്ക് നിരത്തിവച്ചിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ 99 ശതമാനം സൈനികരും തിരഞ്ഞെടുക്കുക എകെ-47നായിരിക്കും എന്നു തീര്‍ച്ച. ഈ വിശ്വസ്തനായ തോക്കിനെ ലോകത്തിനു സമ്മാനിച്ച കലാനിഷ്‌ക്കോവ് 2013ല്‍ തോക്കുകളില്ലാത്ത ലോകത്തേക്കു യാത്രയായെങ്കിലും എകെ-47 ഇന്നും നിലനില്‍ക്കുന്നു മരണമില്ലാതെ…
(രാഷ്ട്രദീപികഡോട്ട്‌കോം തയ്യാറാക്കുന്ന ലേഖനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ല. ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ അനുമതി കൂടാതെ ഈ ലേഖനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുന്നു)