ഇരിട്ടി: ആറളം ഫാമിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദന്പതിമാർക്കുനേരേ കാട്ടാനയാക്രമണം. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശേരി അമ്പിളി (31), ഭർത്താവ് ഷിജു (36)എന്നിവരെയാണ് ആന ആക്രമിച്ചത്. ഇന്നു രാവിലെ ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ ബ്ലോക്ക് 12നും പത്തിനുമിടയിൽ കോട്ടപ്പാറയ്ക്ക് സമീപം വച്ചായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഇവർ കാട്ടാനയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്. പരിക്കേറ്റ ദന്പതിമാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദന്പതിമാർ സഞ്ചരിച്ച സ്കൂട്ടറിനെ കാട്ടാന പിന്തുടർന്നെ ത്തുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു പേരും വീണു. പിന്തുടർന്നെത്തിയ കാട്ടാന ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ ആനയുടെ ശ്രദ്ധ വീണു കിടക്കുന്ന സ്കൂട്ടറിലേക്ക് മാറിയ സമയത്ത് ദന്പതിമാർ ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ കാട്ടാന തകർത്തു. വനപാലകർ സ്ഥലത്തെത്തി കാട്ടാനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു.
ഏതാനും ദിവസങ്ങൾ മുന്പാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ദന്പതിമാരെ കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് ഫാമിൽ തന്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരത്തൽ നടപടികൾ നടന്നു കൊണ്ടിരിക്കെയാണ് വീണ്ടും ആക്രമണം. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടത്തിയ തുരത്തലിൽ 19 ആനകളെ വനത്തിലേക്ക് കയറ്റിവിട്ടെങ്കിലും മേഖലയിൽ ഇപ്പോഴും കാട്ടാനകളുണ്ട്. ആറളം ഫാം, പുനരധിവാസ മേഖല എന്നിവിടങ്ങളിലായി നൂറിലധികം ആനകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.