കൊല്ലം: റെയിൽവേയിൽ ഒരു മാസത്തേക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നിർദേശം നൽകി.
മാർച്ച് ഒന്നു മുതൽ 31 വരെ സാധാരണ പരിശോധനകൾക്ക് പുറമേ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സ്പെഷൽ ഡ്രൈവുകൾ നടത്തണമെന്നാണ് അറിയിപ്പിൽ പറയുന്നത്.ടിക്കറ്റ് പരിശോധകർക്ക് കൃത്യമായ ടാർജറ്റുകൾ നൽകണമെന്നും നിർദേശത്തിലുണ്ട്.
സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ, വ്യാജ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അടക്കമുള്ളവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണം.
1989ലെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള പരമാവധി പിഴത്തുക നിയമലംഘകരിൽനിന്ന് ഈടാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ ദിവസത്തെയും പരിശോധനകൾ സംബന്ധിച്ച വിശദ വിവരങ്ങൾ റെയിൽവേ നിഷ്കർഷിച്ചിട്ടുള്ള ഗൂഗിൾ ഫോമിൽ എല്ലാ ദിവസവും പരിശോധകർ മേലധികാരികൾക്ക് അപ്ഡേറ്റ് ചെയ്ത് നൽകുകയും വേണമെന്നും നിർദേശത്തിലുണ്ട്.
- എസ്.ആർ. സുധീർ കുമാർ
മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ
കൊല്ലം : മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.ആദ്യമായാണ് ഇത്തരമൊരു ട്രെയിൻ ഹോളി സീസണിൽ കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. സാധാരണ തെക്കൻ സംസ്ഥാനങ്ങളിലേക്ക് ഹോളി ആഘോഷത്തിനു മുന്നോടിയായി പ്രത്യേക ട്രെയിൻ റെയിൽവേ ഓടിക്കാറില്ല.
എന്നാൽ ഇക്കുറി കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേകവണ്ടി ഓടിക്കുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.മാർച്ച് ആറ്, 13 തീതികളിലാണ് മുംബൈ ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള പ്രത്യേക ട്രെയിൻ ഓടുക.
വ്യാഴം വൈകുന്നേരം നാലിന് എൽടിടിയിൽനിന്ന് പുറപ്പെടുന്ന വണ്ടി (01063) വെള്ളി രാത്രി 10.45-ന് കൊച്ചുവേളിയിലെത്തും. തിരികെയുള്ള കൊച്ചുവേളി–എൽടിടി (01064) സർവീസ് മാർച്ച് എട്ട്, 15 തീയതികളിൽ (ശനി) കൊച്ചുവേളിയിൽനിന്ന് വൈകുന്നേരം 4.20ന് പുറപ്പെട്ട് (01064) തിങ്കൾ പുലർച്ചെ 12.45-ന് എൽടിടിയിൽ എത്തും.
22 കോച്ചുള്ള വണ്ടിയിൽ ഒമ്പത് സ്ലീപ്പർ ക്ലാസ്, ആറ് തേഡ് എസി., ഒരു സെക്കൻഡ് എസി. നാല് ജനറൽ കംപാർട്ടുമെന്റുകൾ എന്നിങ്ങനെയാണുള്ളത്. റിസർവേഷൻ ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.