എരുമേലി: റേഷന്‍കാര്‍ഡുകളുടെ മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പരാതികളുടെ പ്രളയം. മുക്കൂട്ടുതറ മേഖലയിലെ സ്വകാര്യ തോട്ടം ഉടമയും ഇരുനിലവീടും റേഷന്‍കടയുമുള്ളയാള്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണ് ഒരു പരാതി. ഇതേ കടയിലെ കാര്‍ഡുടമയും വാടകയ്ക്ക് താമസിക്കുന്നതുമായ അര്‍ബുദ രോഗിയുടെ പേര് എപിഎല്‍ ലിസ്റ്റിലാണ് ഉള്ളത്. മുക്കൂട്ടുതറ മേഖലയിലാണ് ഈ മറിമായം.
പതിറ്റാണ്ടുകാലം ദാരിദ്ര്യരേഖയില്‍ കഴിയുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പലരും പുതിയ പട്ടിക എത്തിയപ്പോള്‍ ദാരിദ്ര്യരേഖയുടെ മുകളിലായ സ്ഥിതിയിലാണ്. വാഹനങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉള്ളവര്‍ ബിപിഎലിലാകാന്‍ ആഗ്രഹിക്കാറില്ല. കൃത്യമായ വിവരങ്ങളാണ് ഇവരില്‍ മിക്കവരും നല്‍കാറുള്ളത്. എന്നാല്‍ ഇവരില്‍ പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയായത് വിവരശേഖരണത്തിലുണ്ടായ അപാകതയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പട്ടിക സംബന്ധിച്ച പരാതികള്‍ അറിയിക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. പഞ്ചായത്ത്, താലൂക്ക് ഓഫീസുകളില്‍ പട്ടിക പരിശോധിക്കുവാനും പരാതി നല്‍കാനുമായി നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.