വെള്ളറട: വാഴിച്ചല്‍ കോളജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയെ മറ്റൊരു ക്ലാസിലെ വിദ്യാര്‍ഥികൾ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.കാട്ടാക്കട കുരുതംകോട് തലക്കോണം ആദിത്യ ഭവനില്‍ എസ്.ആർ.ആദിഷിനാണ് മര്‍ദനമേറ്റത്.
വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം (ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) വിദ്യാര്‍ഥിയാണ്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബികോം (ഫിനാന്‍സ്) വിദ്യാര്‍ഥിയായ ജിതിനും കൂട്ടുകാരായ അഞ്ച് പേരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.27ന് ഉച്ചയ്ക്ക് കോളജില്‍ വെച്ചായിരുന്നു സംഭവം.
ആഴ്ചകള്‍ക്ക് മുന്‍പ് ജിതിനും സഹപാഠികളും മറ്റൊരു വിദ്യാര്‍ഥിയുമായി വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിനെത്തുടര്ന്നുള്ള വൈരാഗ്യമാണ് വ്യാഴാഴ്ച നടന്ന ആക്രമണത്തിന് പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു.
മര്‍ദനത്തിനിരയായ ആദിഷിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആദിഷിന്റെ പിതാവ് ആര്യങ്കോട് പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ ജിതിന് ഉള്‍പ്പെടെ ആറ് വിദ്യാര്‍ഥികളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ പറഞ്ഞു.ആര്യന്‍കോട് പോലീസ് കേസെടുത്തു.