തൃശൂർ: മുതിർന്ന പൗരന്മാരുടെ ശ്രദ്ധയ്ക്ക്… നിങ്ങൾ ഉദ്യോഗത്തിൽനിന്നു വിരമിച്ചയാളാണോ, നിങ്ങൾ ജോലിചെയ്തുണ്ടാക്കിയ സന്പാദ്യം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടോ… എങ്കിൽ സൈബർ തട്ടിപ്പുകാർ നിങ്ങളെയാണു നോട്ടമിട്ടിരിക്കുന്നത്. ഇതികേട്ടു ഭയക്കേണ്ട, ജാഗ്രതയോടെ കൈകാര്യം ചെയ്താൽമതി.
നിങ്ങളുടെ ബാങ്ക് ഇടപാടുകളുമായോ എടിഎം നന്പറുകൾ സംബന്ധിച്ചോ വിവരങ്ങൾ ആർക്കും കൈമാറാതിരിക്കുക. ഇത്തരം വിവരങ്ങൾ ആരാഞ്ഞുവരുന്ന കോളുകൾക്കോ മെസേജുകൾക്കോ ബോധപൂർവംമാത്രം മറുപടി നല്കുക. അല്ലെങ്കിൽ തള്ളിക്കളയുക.
മുതിർന്ന പൗരന്മാരെ കുറിച്ചുള്ള വാർത്തകൾ, അവരുടെ സന്പാദ്യം ചെയ്യേണ്ട വിധം പറഞ്ഞുള്ള പരസ്യങ്ങൾ, വാർധക്യകാല രോഗങ്ങൾ, പരിശോധനകൾ തുടങ്ങി സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വ്യാജ അറിയിപ്പുകളിലെ ലിങ്കുകളിൽ അറിയാതെപോലും ക്ലിക്കു ചെയ്യാതിരിക്കുക. ഇവിടങ്ങളിലെല്ലാം സൈബർ തട്ടിപ്പുകാർ ഇരയെതേടി വലവീശി കാത്തിരിക്കുകയാണ്.
മുതിർന്ന പൗരൻമാരെ തെറ്റിധരിപ്പിച്ചു സമ്പാദ്യം എളുപ്പത്തിൽ കൈക്കലാക്കാമെന്നാണു പൊതുവെ സൈബർ തട്ടിപ്പുകാരുടെ കണക്കുകൂട്ടൽ. അടുത്തകാലത്ത് സൈബർ പോലീസ് പിടികൂടിയ പല തട്ടിപ്പുകളും ഇക്കാര്യം വ്യക്തമാക്കുന്നു. സന്പാദ്യം എവിടെ നിക്ഷേപിക്കണമെന്നും സന്പാദ്യ ഇടപാടുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമുള്ള മുതിർന്ന പൗരന്മാരുടെ ആകുലതകൾ മുതലാക്കുകയാണു തട്ടിപ്പുകാരുടെ രീതി.
കാരുണ്യ പ്രവർത്തനങ്ങൾക്കായെന്നു പറഞ്ഞും ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും തട്ടിപ്പുകാർ രംഗത്തുണ്ട്.ഫോൺകോൾ, വീഡിയോ കോൾ, മെസേജുകൾ, ലിങ്കുകൾ എന്നിവയിലൂടെ വളരെ വിശ്വാസയോഗ്യമായ സെൻസിറ്റീവായ കാര്യങ്ങളും പറഞ്ഞ് തട്ടിപ്പുകാർ മുതിർന്ന പൗരന്മാരെ സമീപിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു. മുതിർന്ന പൗരന്മാരെ പെട്ടന്നു വിശ്വസിപ്പിക്കാനാകുമെന്നാണു തട്ടിപ്പുകാരുടെ കണ്ടെത്തൽ.
മുതിർന്ന പൗരൻമാരെ ലക്ഷ്യമിടുന്ന സാധാരണ തട്ടിപ്പുകൾ
* പേയ്മെന്റുകൾക്കോ റീഫണ്ടുകൾക്കോ വേണ്ടി സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു ക്യുആർ കോഡുകൾ അയയ്ക്കുന്നു. സൈബർ കുറ്റവാളികൾ ബാങ്ക് പ്രതിനിധികളായി തെറ്റിദ്ധരിപ്പിച്ച് ഇരകളെ കബളിപ്പിച്ച് ഒടിപി ഷെയർ ചെയ്യാൻ അറിയിക്കുന്നു.
* ഉയർന്ന പദ്ധതികളിലൂടെ അമിതലാഭം വാഗ്ദാനം ചെയ്തു പെൻഷൻകാരെ നിക്ഷേപത്തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുത്തുന്നു.
*വ്യാജ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ സൈബർതട്ടിപ്പുകാർ കൈക്കലാക്കുന്നു.
* വ്യാജ ഹെൽപ്പ് ലൈൻ നമ്പറുകൾ സൃഷ്ടിച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പരുകളെ വിശ്വസിക്കരുത്. അതാതു കമ്പനി, സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ അന്വേഷിക്കുക.
* വ്യാജ ഒഎൽഎക്സ് വില്പന, വാങ്ങൽ എന്നിവയിലൂടെ തട്ടിപ്പുകാർ പണം കൈക്കലാക്കിയേക്കാം. വില്പനയോ വാങ്ങലോ അവരുടെ വെബ്സൈറ്റ് മുഖേന അന്വേഷിച്ചറിഞ്ഞു മാത്രം പ്രവർത്തിക്കുക.
* പെൻഷൻ വെരിഫിക്കേഷന്റെയോ കുടിശിക ക്ലിയറൻസിന്റെയോ മറവിൽ സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന നിങ്ങളെ വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തു പണം തട്ടാൻ ശ്രമിച്ചേക്കാം.