എന്തും എങ്ങനെയും വൈറലാകാമെന്ന് ചിന്തിക്കുന്ന ആളുകളാണ് നമ്മുടെ ലോകത്തുള്ളത്. ബീഹാറിലെ അനുഗ്രഹ നാരായന് റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
ഒരു പ്രകോപനമോ കാരണമോ ഇല്ലാതെ ഒരു യൂട്യൂബർ റെയില്‍വേ സ്റ്റേഷനിലൂടെ പതുക്കെ നീങ്ങുകയായിരുന്ന ട്രെയിനില്‍ ഇരുന്ന ഒരു യാത്രക്കാരന്റെ മുഖത്ത് അടിച്ചു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതോടെ ആര്‍പിഎഫ് റിതേഷ് കുമാര്‍ എന്ന യൂട്യൂബറാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
യാത്രക്കാരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആര്‍പിഎഫ് വീഡിയോ പങ്കുവച്ച് കൊണ്ട് സമൂഹ മാധ്യമത്തിലെഴുതി. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ഓടുന്ന ട്രെയിനില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരനെ ഒരു യൂട്യൂബര്‍ അക്രമിച്ചു. അയാളെ പിന്തുടർന്ന് ഞങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തു.
നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. ഇത്തരം അക്രമ പ്രവൃത്തികൾ വച്ച് പൊറുപ്പിക്കില്ലെന്നും ആര്‍പിഎഫ് വീഡിയോ പങ്കുവച്ചുകൊണ്ട് എഴുതി.