ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ കേരള ക്രിക്കറ്റ് ടീമിന് വന്‍ വരവേല്‍പ്പ് നല്കാന് കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്). നാഗ്പുരിലെ ഫൈനലിനുശേഷം കേരള ടീം തിരിച്ചുവരുന്നത് കെസിഎ ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനത്തിലാണ്.
ടീം ഇന്നു രാത്രി 9.30ന് തിരുവനന്തപുരത്ത് എത്തും. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍ ടീമിനെ തിരികെ ആനയിക്കാന്‍ നാഗ്പുരിലെത്തിയിരുന്നു. റണ്ണേഴ്സ് അപ്പ് ട്രോഫിയുമായി എത്തുന്ന ടീമിനെ കെസിഎ ആസ്ഥാനത്ത് പ്രത്യേകമായി ആദരിക്കും.
അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളെ രഞ്ജി ഫൈനല്‍ കാണാന്‍ കെസിഎ നാഗ്പുരില്‍ എത്തിച്ചത് ദേശീയതലത്തില്‍ പ്രശംസയ്ക്കു പാത്രമായിരുന്നു. നാളെ വൈകുന്നേരം ആറിനു നടക്കുന്ന അനുമോദനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കായികമന്ത്രി അബ്ദു റഹിമാന്‍, മന്ത്രിമാരായ കെ. രാജന്, പി. പ്രസാദ്, പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.