തൊടുപുഴ: വിവാഹാഘോഷത്തിനെത്തിയ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കഞ്ചാവ് വിൽപ്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവിന്റെ കാൽ തല്ലിയൊടിച്ചു.
ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിനിടയാക്കിയതെന്നാണ് സൂചന. ഇടവെട്ടി അന്തീനാട്ട് റംബുട്ടാൻ എന്നു വിളിക്കുന്ന അഫ്സലിന്റെ (24) കാലാണ് തല്ലിയൊടിച്ചത്.
രണ്ടു കാലിനും പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വെള്ളിയാഴ്ച രാത്രി പട്ടയംകവല അണ്ണായിക്കണ്ടം ഭാഗത്താണ് സംഭവം.
ഇവിടെയുള്ള വീട്ടിൽ രാത്രി നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. പ്രദേശത്ത് നടന്നുവരുന്ന ലഹരിക്കച്ചവടത്തെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നു പറയപ്പെടുന്നു.
ലഹരി ഉപയോഗിച്ച യുവാക്കളാണ് സംഘർഷം നടത്തിയതെന്നും പറയപ്പെടുന്നു. തൊടുപുഴ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.പ്രതികളെ ആരെയും ഇതു വരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
എന്നാൽ സംഭവം നടന്നത് കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേയ്ക്കു കൈമാറുമെന്ന് തൊടുപുഴ എസ്ഐ എൻ.എസ്.റോയി പറഞ്ഞു.
ഈ മേഖലയിൽ ലഹരി ഉപയോഗിക്കുകയും വിൽപ്പനയും നടത്തുന്ന യുവാക്കളുടെ സംഘങ്ങളുടെ വിളയാട്ടമാണെന്ന് പരാതിയുണ്ട്.
സന്ധ്യ കഴിഞ്ഞാൽ പലയിടങ്ങളും ഇവരുടെ താവളമായി മാറാറുണ്ട്. അതിനാൽ പോലീസിന്റെയും എക്സൈസിന്റെയും ശക്തമായ നിരീക്ഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.