ചങ്ങനാശേരി: തിരുവല്ല കേന്ദ്രമാക്കി കഞ്ചാവ് മൊത്തക്കച്ചവടം നടത്തിവന്നിരുന്ന യുവാവിനെ ചങ്ങനാശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 7.30ന് നാലുകോടി ഭാഗത്തുവച്ച് വില്‍പ്പനയ്ക്കായി കൈവശം വച്ചിരുന്ന 500 ഗ്രാം കഞ്ചാവുമായി തിരുവല്ല പെരുന്തുരുത്തി തെങ്ങനാംകുളത്ത് ടി.കെ.വിഷ്ണുകുമാറി(42)നെയാണ് എകസൈസ് ഇന്‍സ്പെക്ടര്‍ ടി.എസ്.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കേസെടുത്തത്.
തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ വാടകയ്ക്ക് താമസിച്ചുവരുന്ന മല്ലപ്പള്ളി താലൂക്കില്‍ കുന്നന്താനം വള്ളമലഭാഗത്ത് വള്ളിയാംകുന്ന് വീട്ടില്‍നിന്നും നാലു കിലോയില്‍ അധികം കഞ്ചാവുകൂടി പിടികൂടുകയായിരുന്നു.
പ്രതി മയക്കുമരുന്ന് മാഫിയയില്‍പ്പെട്ട പ്രധാനപ്പെട്ടയാളാണെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ കൂടാതെ കൂടുതല്‍ ആള്‍ക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനയില്‍ പങ്കുണ്ടാകാമെന്ന് സംശയിക്കുന്നതായും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതര്‍ അറിയിച്ചു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി. സജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി. സന്തോഷ്, ആര്. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രതീഷ്, പ്രവീണ്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സോണിയ എന്നിവരും അറസ്റ്റിനു നേതൃത്വം നല്കി.