മാവേലിക്കര: കൊലപാതകശ്രമം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ രണ്ടു വർഷത്തിനുശേഷം മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.
മാവേലിക്കര കണ്ണമംഗലം കടവൂർ കൊല്ലനട അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിക്കിടെ ആഞ്ഞിലിപ്ര സ്വദേശിയായ ശ്രീരാജ് (കണ്ണൻ), ഇയാളുടെ സുഹൃത്തായ അനു ഉദയൻ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ചേപ്പാട് കാണിച്ചനല്ലൂർ കൊച്ചുതറയിൽ പുത്തൻ വീട്ടിൽ മിഥുൻ പ്രതാപിനെ ( 24) അറസ്റ്റ് ചെയ്തത്.
2023 ഫെബ്രുവരിയിൽ നടന്ന ഈ സംഭവത്തിന് അനിൽകുമാർ, ശരൺ, വിഷ്ണു, ജയൻ, രതീഷ്, പ്രമോദ്, അമൽ എന്നീ ഏഴ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നതിനിടെയാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
കുത്തിയോട്ട ദിവസം സദ്യ വിളമ്പുന്നതിനിടെ പ്രതികളുമായുണ്ടായ സംഘർഷത്തെത്തുടർന്നാണ് ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാർ എം.കെ.യുടെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ അരുൺ, ഉണ്ണി, ഷെഫീക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.