ഇസ് ലാമാബാദ്: പാക്കിസ്ഥാനിൽ മതനേതാവടക്കം അഞ്ചു പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനം നടന്നത് യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് എന്നറിയപ്പെടുന്ന ഇസ് ലാമിക് മതപാഠശാലയുടെ പള്ളിയിൽ.
സ്ഫോടനത്തിൽ സ്കൂൾ മേധാവി ഉൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കുണ്ട്. അഫ്ഗാൻ താലിബാൻ നേതാക്കൾ പഠിച്ചിരുന്ന നൗഷേരയിലെ അകോറ ഖട്ടക് ടൗണിലെ സെമിനാരിയായ ദാർ-ഉൽ-ഉലൂം ഹഖാനിയ സ്കൂളിലായിരുന്നു സ്ഫോടനം. മൗലാന ഹമീദ്-ഉൽ-ഹഖ് ഹഖാനി ആണു കൊല്ലപ്പെട്ട സ്കൂൾ മേധാവി.
പ്രാർഥനയ്ക്കായി ഒത്തുകൂടിയ ആളുകൾ പള്ളിയിൽനിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പ്രധാന പ്രാർഥനാ ഹാളിൽ സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമാണ് നടന്നതെന്ന് പോലീസ് മേധാവി സുൽഫിക്കർ ഹമീദ് സ്ഥിരീകരിച്ചു.
മൂന്നു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഹമീദ് ഹഖാനി ആയിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നു പോലീസ് പറഞ്ഞു. താലിബാന്റെ സ്ഥാപകനായ മുല്ല ഒമർ ഉൾപ്പെടെയുള്ളവർ ഈ മതപാഠശാലയിലെ പൂർവ വിദ്യാർഥിയായിരുന്നു.
പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഈ മദ്രസയ്ക്കെതിരേ ആരോപണമുണ്ടായിരുന്നു.