തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിൽ പ്രതിപക്ഷം മുതലകണ്ണീരൊഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശ പദ്ധതി കേന്ദ്ര പദ്ധതിയാണ്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. ജനുവരിയിലെ ഓണറേറിയത്തിൽ 90 ശതമാനം പേരും പതിനായിരം രൂപ കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ നൽകാനുള്ള 100 കോടിയിൽ ഒരു രൂപ പോലും നൽകിയില്ല. ആശ പ്രവർത്തകരെ തൊഴിലാളികളായി കാണണം. തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ട് വരണമെന്നും ഇതിനായി പാർലമെന്റിൽ എംപിമാർ വിഷയം ഉന്നയിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഭരണപക്ഷത്ത് നിന്നുള്ള കെ.ശാന്തകുമാരിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി മറുപടി പറഞ്ഞത്. അതേ സമയം ആശാപ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് 22-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇന്ന് നിയമസഭ മാർച്ചും നടത്താൻ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി മുൻനിലപാട് വീണ്ടും ആവർത്തിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറയുന്ന കാര്യങ്ങൾ പലതും തെറ്റാണെന്ന് ആശാപ്രവർത്തകർ വ്യക്തമാക്കി.