കൊച്ചി: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി പ്രൈമറി സ്കൂള്‍ അധ്യാപകരെ നിയമിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. സ്വതന്ത്രമായി നില്ക്കുന്ന പ്രൈമറി സ്കൂളുകളിലെ അധ്യാപകരെ പഠനത്തിന് ഭംഗംവരാത്ത രീതിയില്‍ ഏറ്റവും ആവശ്യമെന്ന് കണ്ടാല്‍ മാത്രമേ പരീക്ഷാ ഡ്യൂട്ടിക്കായി നിയമിക്കാവൂ എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ഇത്തരത്തില്‍ അധ്യാപകരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്.
പ്രൈമറി സ്കൂളുകളില്‍ പഠനോത്സവവും മറ്റു പഠന പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയും വാര്‍ഷിക പരീക്ഷയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഈ നിയമനമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
ഭിന്നശേഷി സംവരണത്തിന്റെ ഭാഗമായി വ്യാപകമായി അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അണ് ഇക്കണോമിക് സ്കൂളുകളില്‍ കൂടുതലായും ദിവസക്കൂലി നിയമനങ്ങളാണ് നടക്കുന്നത്. ഈ പരിമിതികള്ക്കിടയില് നിന്നുകൊണ്ടാണ് പ്രൈമറി മേഖല പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി അധ്യാപകരെ നിയമിച്ചതു മൂലം പല സ്കൂളുകളിലും അധ്യാപകരില്ല. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ വിവിധ കാരണങ്ങളാല്‍ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനാലാണ് ഈ സാഹചര്യം ഉണ്ടാകുന്നതെന്നാണ് പ്രൈമറി സ്കൂള്‍ അധ്യാപകര്‍ ആരോപിക്കുന്നത്.
നിലവില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിനെ മറികടന്നുകൊണ്ടാണ് വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഇത്തരം ഉത്തരവുകള്‍ നല്‍കുന്നതെന്നാണ് ഇവരുടെ ആരോപണം.
ചില ജില്ലകളില്‍ ബ്ലോക്ക് പ്രോജക്ട് ഉദ്യോഗസ്ഥന്മാരും ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതായി ആക്ഷേപമുണ്ട്. ഇത് പ്രൈമറി മേഖലയിലെ പഠന പ്രവര്‍ത്തനങ്ങളെയും പഠനോത്സവ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കും. വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്കി.
- സ്വന്തം ലേഖിക