വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ്-വ്ലോഡിമർ സെലൻസ്കി തർക്കത്തിനു പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക മരവിപ്പിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക-ആയുധ സഹായം നൽകില്ല.
എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയാറായാൽ സഹായം തുടരും. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽനിന്നു പരസ്യ ക്ഷമാപണവും വൈറ്റ്ഹൗസ് പ്രതീക്ഷിക്കുന്നു. സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. സെലൻസ്കിയെ സമ്മർദത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനാണ് യുഎസിന്റെ നീക്കം. യുക്രൈനിലെ ധാതുവിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയാറാണെന്നു സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് ചുമത്തുമെന്നു ട്രംപ് വ്യക്തമാക്കി.