മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബ് മികച്ച ഭരണാധികാരിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യയെ “സ്വർണപ്പക്ഷി’ എന്നാണ് വിളിച്ചിരുന്നതെന്നും സമാജ്വാദി പാർട്ടി എംഎൽഎ അബു ആസ്മി നടത്തിയ പരാമർശം വൻ വിവാദത്തിനു തിരികൊളുത്തി.
മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലായിരുന്നു എസ്പി എംഎൽഎയുടെ പരാമർശം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉടൻതന്നെ ആസ്മിയെ ശകാരിച്ചു. അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്രപതി ശിവാജിയുടെ മകൻ സാംബാജിയെ കൊന്ന ഔറംഗസീബിനെ ഒരു നല്ല ഭരണാധികാരിയായി പ്രശംസിക്കുന്നത് വലിയ പാപമാണെന്ന് ഷിൻഡെ പറഞ്ഞു. അത്തരമൊരു പ്രസ്താവനയെ അപലപിച്ചാൽ മാത്രം പോരാ. അബു ആസ്മിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ആസ്മി മാപ്പു പറയണമെന്നും ഷിൻഡെ പറഞ്ഞു. സംഭവത്തിൽ ശിവസേന പ്രവർത്തകരും താനെ എംപിയും നൽകിയ പരാതിയിൽ ആസ്മിക്കെതിരേ പോലീസ് കേസെടുത്തു.
അതേസമയം, മൻഖുർദ് ശിവാജി നഗറിൽനിന്നുള്ള എംഎൽഎയായ ആസ്മി തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഔറംഗസീബ് നിരവധി ക്ഷേത്രങ്ങൾ നിർമിച്ചു. ഔറംഗസീബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി താൻ കണക്കാക്കുന്നില്ല.
കൂടാതെ, ഛത്രപതി സംബാജി മഹാരാജും ഔറംഗസേബും തമ്മിലുള്ള യുദ്ധം സംസ്ഥാന ഭരണത്തിനായുള്ള പോരാട്ടമായിരുന്നു. ആ യുദ്ധം എവിടെയും ഹിന്ദുക്കളെയും മുസം ലിംങ്ങളെയും കുറിച്ചുള്ളതല്ലെന്നും ആസ്മി മാധ്യമങ്ങളോടു പറഞ്ഞു.