താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ നെഞ്ച് പിടയ്ക്കുന്ന കുറിപ്പുമായി നടി മഞ്ജു പത്രോസ്. 18 വയസുള്ള ഒരു മകന്റെ അമ്മയാണ് താൻ അതുകൊണ്ട്തന്നെ ഷഹബാസിന്റെ മാതാപിതാക്കളുടെ വേദന എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
പോസ്റ്റിന്റെ പൂർണരൂപം…
18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും.
സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പറക്കമുറ്റാത്ത മകനെ നഷ്ടപെട്ടത്. നഷ്ടപെട്ടതല്ല. നഷ്ടപ്പെടുത്തിയത്. കാരണക്കാർ തോളത്തു കൈയിട്ടു നടക്കേണ്ട കൂട്ടുകാർ. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേര്.
പരീക്ഷയെഴുതണം പോലും. ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മയ്ക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവർത്തികൾ. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്.
ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല. “അവന്റെ കണ്ണൊന്നു പോയി നോക്ക് നീ “എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ… എന്തിനെന്നു പറയേണ്ടല്ലോ. കുഞ്ഞേ മാപ്പ്… ഷഹബാസ് കുറിപ്പ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.