തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ഇടതുമുന്നണി ഭരണം ഉറപ്പാണെന്നും എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും ഇടതുമുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
താൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തുടരണോയെന്ന കാര്യം സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുക. 75 വയസ് പൂർത്തിയായവരെ മാറ്റും. പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കും. എ.കെ. ബാലനും പി.കെ. ശ്രീമതിക്കും ഇളവുണ്ടാവില്ല.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഇളവ് അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യം പിബിയാണ് തീരുമാനിക്കുക- എം.വി. ഗോവിന്ദൻ പറഞ്ഞു.
മുസ് ലിം ലീഗിനെ സ്വാഗതം ചെയ്തിട്ടില്ല. അവരെ ഇപ്പോൾ മുന്നണിയിലെടുക്കില്ല. ഇപ്പോഴവർ മറ്റൊരു മുന്നണിയിലാണ്. ആ മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കുമ്പോഴേ അക്കാര്യം ചർച്ച ചെയ്യുകയുള്ളുവെന്നും ഗോവിന്ദൻ പറഞ്ഞു.