പൂച്ചാക്കൽ: പഞ്ചായത്തംഗത്തിന്റെ ഇടപെടലിൽ അനാഥന് ആധാറും പെൻഷനും ലഭിച്ചു. സംരക്ഷണത്തിന് ആരുമില്ലാതെ പൂച്ചാക്കൽ ടൗണിൽ അലഞ്ഞുതിരിയുന്ന ആളാണ് 75 വയസ് കഴിഞ്ഞ ബാലാജി. പകൽസമയങ്ങളിൽ പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രറിയിൽ കഴിഞ്ഞുകൂടുന്ന ബാലാജി രാത്രികാലങ്ങളിൽ അടഞ്ഞുകിടക്കുന്ന കടത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നത്.
ജീവിച്ചിരിക്കുന്നതിന് ആധികാരികരേഖകളില്ല, റേഷൻ കാർഡ്, ആധാർ, സ്കൂൾ രേഖകളോ വോട്ടേഴ്സ് ലിസ്റ്റിൽ പേരും ഇല്ല. കുടുംബവീട് വിറ്റ് ബന്ധുക്കൾ മറ്റ് സ്ഥലങ്ങളിലേക്ക് പോയതോടുകൂടി ബാലാജി തനിച്ചായി.
ഉറ്റവരും ഉടയവരുമില്ലാതെ തെരുവിൽ അലഞ്ഞിരുന്ന ബാലാജിക്ക് പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായ കെ.ഇ. കുഞ്ഞുമോന്റെ ശ്രമഫലമായാണ് എഎവൈ റേഷൻ കാർഡും ആധാർകാർഡും ലഭ്യമായത്. കേരള സർക്കാർ ആവിഷ്കരിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി അനുസരിച്ച് പാണാവള്ളി പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിൽ 12-ാം വാർഡിൽ നിന്നും ഉൾപ്പെട്ട ബാലാജിക്ക് രേഖകൾ ലഭിച്ചത്.
തുടർന്ന് 2024 നവംമ്പർ മാസം മുതൽ പഞ്ചായത്തിൽനിന്നു വാർധക്യകാല പെൻഷനും അനുവദിച്ചു. ബാലാജിക്ക് സ്വയംതൊഴിൽ പദ്ധതി കണ്ടെത്തി വരുമാനം വർധിപ്പിക്കുന്നതിനും സ്വന്തമായി ഭവനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും ശ്രമം നടക്കുന്നു.
അധികാരികളിൽനിന്നു റേഷൻ കാർഡും ആധാർ കാർഡും വാർധക്യകാല പെൻഷനും ലഭിച്ച സന്തോഷത്തിലാണ് ബാലാജി. ആദ്യത്തെ പെൻഷൻ 1600 രൂപ പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രറി ഹാളിൽ വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ കെ.ഇ. കുഞ്ഞുമോൻ ബാലാജിക്ക് കൈമാറി.
ലൈബ്രറി പ്രസിഡന്റ് ജയദേവൻ കൂടയ്ക്കൽ, താലൂക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ.ടി. ഭാസ്കരൻ, ലൈബ്രറേറിയൻ ലോറൻസ് പെരിങ്ങലത്ത് എന്നിവർ പങ്കെടുത്തു.