ഒഹായോ(യുഎസ്): ശരീരസൗന്ദര്യം നിലനിർത്താൻ അതികഠിനമായ പരിശീലനരീതികൾ അവലംബിച്ച അമേരിക്കക്കാരിയായ യുവ ബോഡിബിൽഡിംഗ് താരത്തിനു ദാരുണാന്ത്യം.
രൂക്ഷമായ നിർജ്ജലീകരണത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണു ജോഡി വാൻസ് എന്ന 20കാരിയുടെ ജീവനെടുത്തത്. ഒഹായോയിൽ നടക്കുന്ന അർണോൾഡ് സ്പോർട്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെ അവശനിലയിലായ ജോഡി വാൻസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോച്ചിനെപോലും അറിയിക്കാതെ അതികഠിനവും അപകടകരവുമായ പരിശീലനരീതികളാണ് തന്റെ ശരീരസൗന്ദര്യം മെച്ചപ്പെടുത്താനായി ഇവർ പിന്തുടർന്നിരുന്നതെന്നു പറയുന്നു. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ചില മരുന്നുകളും ഇവർ നിയന്ത്രണമില്ലാതെ കഴിച്ചിരുന്നുവത്രെ.
ശരീരത്തിൽനിന്ന് അമിതയളവിൽ ലവണാംശവും ജലവും പുറംതള്ളാനായി ഉപയോഗിച്ചിരുന്ന ചില രീതികളും മരുന്നുകളുമാണു ജോഡിയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചതെന്നാണു ഡോക്ടർമാർ വിശദീകരിക്കുന്നത്. തന്നെ അറിയിക്കാതെയാണു ജോഡി ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നതെന്നും മരുന്നുകൾ കൂടാതെതന്നെ ബോഡി ബിൽഡിംഗിൽ തിളങ്ങാമായിരുന്നെന്നും അവളുടെ പരിശീലകൻ പറഞ്ഞു.