മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിനു ബന്ധുക്കൾക്കെതിരേ കേസ്. അഹല്യനഗർ ജില്ലയിലാണ് സംഭവം. 14കാരിയായ കുട്ടിയും 25കാരനും തമ്മിലുള്ള വിവാഹമാണു നടത്തിയത്.
ജനുവരി ഒന്നിന് ഷെവ്ഗാവിലാണു വിവാഹം നടന്നതെന്ന് ചിക്കൽതാന പോലീസ് പറഞ്ഞു. പെൺകുട്ടി ദേവ്ലായ് പ്രദേശത്തുള്ള ഭർതൃവീട്ടിൽ താമസിക്കാൻ വിസമ്മതിക്കുകയും മാർച്ച് നാലിന് പോലീസിനെ സമീപിക്കുകയും ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹായത്തോടെയാണു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
തനിക്ക് മാതാപിതാക്കളില്ലെന്നും ബന്ധുക്കളാണ് 25 വയസുകാരനുമായി തന്റെ വിവാഹം നടത്തിയതെന്നും കുട്ടി മൊഴി നൽകി. ബന്ധുക്കൾക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ഭർത്താവിനെതിരേ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.