കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്നു കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ മുംബൈയില്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാടും. കുട്ടികള്‍ മുംബൈ പോലീസിന്റെ പക്കല്‍ സുരക്ഷിതരാണ്. ഇവരെ മലപ്പുറത്ത് എത്തിച്ചശേഷം കൗണ്‍സലിംഗ് നല്കി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് വീട്ടുകാര്‍ക്കു കൈമാറും.
മുംബൈ-ചെന്നൈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലിന് ലോനാവാലയില്‍ വച്ചാണ് റെയില്‍വേ പോലീസ് കണ്ടെത്തിയത്. കുട്ടികളെ കാണാതായെന്നു പരാതി ലഭിച്ച ഉടന്‍ കേരള പോലീസ് നടത്തിയ ചടുലമായ നീക്കങ്ങളാണ് വിജയത്തിലെത്തിയത്.
സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന്റെ പ്രേരണയിലാണ് കുട്ടികള്‍ മുംബൈയിലേക്കു പോയതെന്നാണ് സൂചന. റെയില്‍വേ പോലീസ് പിടികൂടിയ കുട്ടികളെ ഏറ്റെടുക്കാന്‍ മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കു പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടു പ്ലസ്ടു വിദ്യാര്‍ഥിനികളെയാണു കണാതായത്.
സ്കൂളില്‍ പോയി തിരികെ വരാനുള്ള അഞ്ചു രൂപയുമായി വീട്ടില്‍നിന്നിറങ്ങിയ മക്കള്‍ വളരെ പെട്ടെന്ന് മുംബൈയിലെത്തിയെന്നറിഞ്ഞതിന്റെ ഞെട്ടൽ മാറിയിട്ടില്ല രക്ഷിതാക്കള്‍ക്ക്. മുംബൈയിലെത്തിയ വിദ്യാര്‍ഥികള്‍ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. കുട്ടികള്‍ സലൂണിലെത്തി മുടിമുറിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതാണെന്നാണ് ആദ്യം വിദ്യാര്‍ഥിനികള്‍ പറഞ്ഞതെന്നു മുംബൈയിലെ ലാസ്യ സലൂണ്‍ ഉടമ വെളിപ്പെടുത്തി. പിന്നീട്, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാനെത്തിയതാണെന്നാണ് പറഞ്ഞു. കുട്ടികളെ നാട്ടിലെത്തിച്ച് കൗണ്‍സിലറുടെ സഹായത്തോടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാനുള്ള നീക്കത്തിലാണ് പോലീസ്.