ചാത്തന്നൂർ: കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സംഘം. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറും ഉയർന്ന ഉദ്യോഗസ്ഥരുമാണ് ബംഗളുരുവിൽ എത്തിയത്.
ബംഗളൂരുവിലെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സെൻട്രൽ ഓഫീസും ഡിപ്പോയും വർക്ക്ഷോപ്പും സന്ദർശിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി. അൻബുകുമാർഐഎഎസുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അവർ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തു.
പ്രീമിയർ വാഹനങ്ങളുടെ വിന്യാസം, തൊഴിലാളി ക്ഷേമ നടപടികൾ, വാണിജ്യ വരുമാനം, ബസുകളുടെ നവീകരണം, ഇ-ടിക്കറ്റിംഗ്, പൊതുജനങ്ങൾക്ക് നൽകുന്ന മറ്റ് സേവനങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ച. പ്രതിനിധി സംഘം ഡിപ്പോ- രണ്ട്, ബംഗളൂരു സെൻട്രൽ ഡിവിഷനിലെ വർക്ക് ഷോപ്പ് എന്നിവ സന്ദർശിച്ചു.
ഐരാവത് ക്ലബ് ക്ലാസ് 2.0, അംബാരി ഡ്രീം ക്ലാസ്, ഫ്ലൈ ബസ്, രാജഹംസ, നഗര ഗതാഗത സേവനങ്ങൾ തുടങ്ങി കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തുന്ന വിവിധ സേവനങ്ങൾ തുടങ്ങിയവ കേരളസംഘം പരിശോധിച്ചു.
പ്രദീപ് ചാത്തന്നൂർ