ടെക്സസ്: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ പറക്കൽ പരാജയം. വിക്ഷേപിച്ചു മിനിറ്റുകൾക്കകംതന്നെ ബന്ധം നഷ്ടപ്പെടുകയും പേടകത്തിന്റെ മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് സ്പേസ്ക്രാഫ്റ്റ് (ഷിപ്പ്) പൊട്ടിത്തെറിക്കുകയും ചെയ്തു. അതേസമയം, റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
പരാജയത്തിന്റെ കാരണം മനസിലാക്കാൻ പരീക്ഷണ പറക്കലിൽനിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്പേസ് എക്സ് വ്യക്തമാക്കി. രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം ഇന്നലെ നടത്തിയത്. പൊട്ടിത്തെറിയെതുടർന്നു മയാമി, ഫോർട്ട് ലോഡർഡെയ്ൽ, പാം ബീച്ച്, ഒർലാൻഡോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു.
മനുഷ്യന് ഇതുവരെ നിര്‍മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സ്പേസ് എക്സ് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് തയാറാക്കുന്നത്.