കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികളെ ശനിയാഴ്ച തിരൂരിൽ എത്തിക്കുമെന്ന് മലപ്പുറം എസ്പി ആർ. വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതാണെന്നാണ് നിലവിൽ കുട്ടികൾ പറയുന്നത്. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോൾ തന്നെ പോലീസ് സജീവമായിരുന്നു. കുട്ടികൾ ഫോണും സിം കാർഡും വാങ്ങിയിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി.
കുട്ടികളുമായി പോലീസ് സംഘം ഇന്നു വൈകുന്നേരം അഞ്ചരയോടെ പുനെയിൽ നിന്ന് മടങ്ങും. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും. മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതെന്നും എസ്പി കൂട്ടിച്ചേർത്തു.
സ്വമേധയാ പോയതാണെന്നാണ് രക്ഷിതാക്കളും പറയുന്നത്. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. കുട്ടികളുടെ യാത്രാ ലക്ഷ്യം എങ്ങോട്ടാണെന്നത് ഒക്കെ അവരോട് ചോദിച്ചു മനസിലാക്കണം. അവരുടെ കൈയിൽ എങ്ങനെ ഇത്ര പണം എന്നതും തിരക്കണം. കുട്ടികൾ വന്നാൽ ആദ്യം കോടതിയിൽ ഹാജരാക്കും. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒപ്പം പോയ യുവാവിനെയും ചോദ്യംചെയ്യും. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്നു കണ്ടെത്തണം. ഇയാൾക്ക് നിലവിൽ ക്രിമിനൽ പശ്ചാത്തലം ഇല്ല. യുവാവിന്റേത് സഹായമെന്ന നിലയിലാണ് ഇപ്പോൾ കാണുന്നതെന്നും എസ്പി പറഞ്ഞു.
മുംബൈ-ചെന്നൈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലിന് ലോനാവാലയില്‍ വച്ചാണ് റെയില്‍വേ പോലീസ് കണ്ടെത്തിയത്. കുട്ടികളെ കാണാതായെന്നു പരാതി ലഭിച്ച ഉടന്‍ കേരള പോലീസ് നടത്തിയ ചടുലമായ നീക്കങ്ങളാണ് വിജയത്തിലെത്തിയത്.
സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന്റെ പ്രേരണയിലാണ് കുട്ടികള്‍ മുംബൈയിലേക്കു പോയതെന്നാണ് സൂചന.
ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കു പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടു പ്ലസ്ടു വിദ്യാര്‍ഥിനികളെയാണു കണാതായത്.
സ്കൂളില്‍ പോയി തിരികെ വരാനുള്ള അഞ്ചു രൂപയുമായി വീട്ടില്‍നിന്നിറങ്ങിയ മക്കള്‍ വളരെ പെട്ടെന്ന് മുംബൈയിലെത്തിയെന്നറിഞ്ഞതിന്റെ ഞെട്ടൽ മാറിയിട്ടില്ല രക്ഷിതാക്കള്‍ക്ക്. മുംബൈയിലെത്തിയ വിദ്യാര്‍ഥികള്‍ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. കുട്ടികള്‍ സലൂണിലെത്തി മുടിമുറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതാണെന്നാണ് ആദ്യം വിദ്യാര്‍ഥിനികള്‍ പറഞ്ഞതെന്നു മുംബൈയിലെ ലാസ്യ സലൂണ്‍ ഉടമ വെളിപ്പെടുത്തി. പിന്നീട്, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാനെത്തിയതാണെന്നാണ് പറഞ്ഞു.