കൊച്ചി: സിവില്‍ സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകള്‍ തൊട്ടടുത്ത ദിവസങ്ങളിലായതിനാല്‍ സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍. ഇക്കൊല്ലത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 25 നാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ തീയതി മേയ് 24 നാണു നിശ്ചയിച്ചിരിക്കുന്നത്.
രണ്ടു പരീക്ഷയും എഴുതാന്‍ ആഗ്രഹിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തൊട്ടടുത്ത ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ എങ്ങനെ എഴുതും എന്നറിയാതെ വിഷമിക്കുകയാണ്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ തീയതി ആറു മാസം മുമ്പേ നിശ്ചയിച്ചതാണ്. കേരളത്തിന് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഈ പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗവും കേരള പിഎസ്സിയുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കും അപേക്ഷിച്ചവരാണ്. ഈ പരീക്ഷ എഴുതുമെന്ന് പ്രൊഫൈലില്‍ കണ്‍ഫേം ചെയ്ത ഉദ്യോഗാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയാല്‍ അയോഗ്യത വരുമെന്ന പിഎസ്സിയുടെ വ്യവസ്ഥ നിലവിലുണ്ട്. ഇതും ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുകയാണ്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ കേന്ദ്രങ്ങള്‍ മിക്കവാറും അവരവരുടെ ഹോം ടൗണ്‍ ആയിരിക്കും. തലേന്ന് ഇവിടെ പരീക്ഷ എഴുതിയ ശേഷം പിറ്റേന്ന് ദൂരെ സ്ഥലങ്ങളിലെത്തി ഗൗരവമായ ഒരു പരീക്ഷയെ അഭിമുഖീകരിക്കുന്നത് ഉദ്യോഗാര്‍ഥികളില്‍ ആത്മ സംഘര്‍ഷം ഉണ്ടാക്കുമെന്നും അഭിപ്രായമുയരുന്നുണ്ട്. അതില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ തീയതി ഒരാഴ്ച മുന്നോട്ടോ പുറകോട്ടോ മാറ്റണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
സീമ മോഹന്‍ലാല്‍