വൈക്കം: സഹോദരന്റെ നാടോടിനൃത്തത്തിന് മിഴിവേകാൻ തബലയില്‍ വിരൽ പതിച്ചപ്പോൾ ആ നാദപ്രപഞ്ചത്തിന്റെ ഭാഗമാകാനാണ് തന്റെ നിയോഗമെന്ന് ആ കുരുന്ന് പെൺകുട്ടി അന്ന് അറിഞ്ഞുകാണില്ല. സംഗീതവും നൃത്തവും ജീവവായുവായ കുടുംബത്തിലെ ഇളമുറക്കാരിയായ അന്നത്തെ കുരുന്നു പെൺകുട്ടിയാണ് ഇന്ന് ദക്ഷിണേന്ത്യയിലാകെ അറിയപ്പെടുന്ന ആദ്യ വനിതാ ക്ലാസിക്കൽ തബലിസ്റ്റായി മാറിയ രത്നശ്രീ അയ്യർ.
വൈക്കം തലയാഴത്തെ തമിഴ് ബ്രാഹ്മണസമൂഹത്തിലെ കളപ്പുരയ്ക്കൽ മഠത്തിലെ രാമചന്ദ്ര അയ്യരുടെയും സരോജയുടെയും ഏഴ് മക്കളിൽ ഇളയ മകളാണ് രത്നശ്രീ. അച്ഛനും അമ്മക്കുമൊപ്പം സഹോദരങ്ങളും പിന്തുണ നൽകിയതോടെ രത്നശ്രീക്ക് തബല ജീവിത താളമായി. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള രത്നശ്രീക്ക് തബലയിൽ ഹിന്ദുസ്ഥാനി സ്റ്റൈലിൽ പ്രാവീണ്യമുണ്ട്.
ചെറുപ്രായം മുതൽക്കേ സംഗീതം അലിഞ്ഞുചേർന്ന കുടുംബത്തിൽനിന്നു വാദ്യോപകരണങ്ങളുടെ ഈണം കേട്ടാണ് രത്നശ്രീക്ക് തബലയോട് അനുരാഗം തുടങ്ങിയത്. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയിലൂടെ സാക്കിർഹുസൈന്റെ സോളോ കേൾക്കാനിടയായി. ഇതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ 10 മിനിട്ടോളം തബലവാദനം നടത്തി. സ്കൂളിൽനിന്നു സമ്മാനവുമായി എത്തിയ രത്നശ്രീയെ തബലയോട് കൂടുതൽ അടുപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. പിന്നീട് കലാമത്സര വേദികളിൽ രത്നശ്രീ സ്ഥിരസാന്നിധ്യമായി. വൈക്കത്തെ ശിവശ്രീ കലാരംഗത്തിൽ സഹോദരനൊപ്പം തബല വായിച്ചിരുന്നു.
കാരിക്കോട് ചെല്ലപ്പൻ മാസ്റ്ററാണ് ആദ്യ ഗുരുനാഥൻ. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം ഹൈദരാബാദിൽനിന്ന് ജയകാന്തിന്റെ കീഴിൽ തബലയിൽ ഡിപ്ലോമ പൂർത്തിയാക്കി. പിന്നീട് പണ്ഡിറ്റ് അരവിന്ദ് ഗോഗ്കറുൾപ്പെടെയുള്ള പ്രതിഭാധനരായ ഗുരുക്കന്മാരുടെ കീഴിൽ തബല പരിശീലിച്ചു. കോലാപുര്‍ ശിവാജി യൂണിവേഴ്സിറ്റിയില്‍നിന്നു റാങ്കോടെയാണ് രത്നശ്രീ തബലയില്‍ ബിരുദാനന്തര ബിരുദം നേടിയത്.
കലാജീവിതത്തിന്റെ തുടക്കത്തില്‍ പതിനഞ്ചും ഇരുപതും മിനിട്ട് നീളുന്ന പരിപാടികളായിരുന്നു നടത്തിയിരുന്നത്. 2009ലാണ് ആദ്യമായി ഒരുമണിക്കൂര്‍ തുടര്‍ച്ചയായി തബലവാദനം നടത്തിയത്. ആകാശവാണിയിലും ദൂരദര്‍ശനിലും ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു രത്നശ്രീ. പിയാനോ വിദഗ്ധൻ ഉത്സവ് ലാല്‍, വയലിനിസ്റ്റ് എ. കന്യാകുമാരി, ടി.വി. ഗോപാലകൃഷ്ണന്, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം, കുടമാളൂര്‍ ജനാര്ദ്ദനന്, വീണാവാദകന്‍ സൗന്ദരരാജന്, ഉസ്താദ് ഫയാസ്ഖാന് എന്നിവരുമായെല്ലാം രത്നശ്രീ വേദിപങ്കിട്ടുണ്ട്.
തബലവാദനത്തിൽ രത്നശ്രീശ്രദ്ധേയയായതോടെ നിരവധി പെൺകുട്ടികൾ തബല വാദനം അഭ്യസിക്കാനെത്തി. രത്നശ്രീയുടെ പെൺകുട്ടികൾ അടക്കമുള്ള നിരവധി ശിഷ്യരെ കലാവേദികളിൽ ശ്രദ്ധേയരാക്കാനും രത്നശ്രീ പിൻബലമേകുന്നു. നിലവിൽ എംജി യൂണിവേഴ്സിറ്റിക്കു കീഴിൽ സയൻസ് ഓഫ് തബലയിൽ ഗവേഷണം ചെയ്യുകയാണ് രത്നശ്രീ.
സുഭാഷ് ഗോപി