ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനല്‍ നാളെ അരങ്ങേറുമ്പോള്‍ കുത്തിത്തിരിയുന്ന പന്തുകളാലുള്ള ആക്രമണ-പ്രത്യാക്രമണങ്ങളായിരിക്കും ഏറ്റവും ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സെമിയിലും നാലു സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ ടീം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ലാഹോറില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയില്‍ നാലു സ്പിന്നര്‍മാരെ ന്യൂസിലന്‍ഡും ഉപയോഗിച്ചു.
ദുബായില്‍ സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയെന്നു മനസിലാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിന് എതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അത്. 42 റണ്‍സ് വഴങ്ങിയ വരുണ്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി.
വരുണ്‍ x സാന്റ്നര്‍
ഇന്ത്യന്‍ സ്പിന്‍ ആക്രമണം വരുണ്‍ ചക്രവര്‍ത്തിയാണ് നയിക്കുന്നതെങ്കില്‍ ന്യൂസിലന്‍ഡിന്റേത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 എഡിഷനില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ഏഴു വിക്കറ്റ് വരുണ്‍ വീഴ്ത്തി. സാന്റ്നര്‍ ആകട്ടെ നാലു മത്സരങ്ങളില്‍നിന്ന് ഏഴും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍മാരും ഇവരാണ്. ഫൈനലില്‍ ഇരുവരും ഇരുഭാഗത്തുനിന്നും സ്പിന്‍ ആക്രമണം അഴിച്ചുവിടും. ഗ്രൂപ്പ് ഘട്ടത്തില്‍ വരുണിനു മുന്നില്‍ തകര്‍ന്ന കിവീസ് ഗൃഹപാഠം ഏറെ ചെയ്തായിരിക്കും എത്തുക.
അതിവേഗ സ്പിന്നര്‍
ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച സ്പിന്നര്‍മാരില്‍ ഏറ്റവും വേഗമേറിയ പന്തുകളാണ് വരുണ്‍ ചക്രവര്‍ത്തിയുടേത്. വരുണിന്റെ ശരാശരി വേഗ 93.74 കിലോമീറ്ററാണ്. മാത്രമല്ല, ഏറ്റവും ചുരുങ്ങിയത് മൂന്നു വിക്കറ്റ് എങ്കിലും വീഴ്ത്തിയ സ്പിന്നര്‍മാരില്‍ കുറവ് ടേണിംഗ് ഉള്ളതും വരുണിന്. വരുണ്‍ ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ എറിഞ്ഞതില്‍ 88.5 ശതമാനം പന്തുകള്‍ക്കും 2.5 ഡിഗ്രി ടേണിംഗ് മാത്രമാണുള്ളത്. 4.5 ഡിഗ്രിയില്‍ കൂടുതല്‍ ടേണിംഗ് ഉള്ളത് വെറും 0.8 ശതമാനം പന്തുകള്‍ക്കു മാത്രം.
ഇത്തരത്തില്‍ വേഗമേറിയ പന്തുകളാല്‍ നടത്തുന്ന ആക്രമണമാണ് വരുണ്‍ ചക്രവര്‍ത്തിയെ മിസ്റ്ററി സ്പിന്നറാക്കുന്നതില് നിര്‍ണായകം. അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷന്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കില്ലെന്നതും എതിര് ബാറ്റര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ടേണ്‍ ചെയ്യിക്കുന്നതിനേക്കാള്‍ പന്തിന്റെ മൂവ്മെന്റിലും വേഗത്തിലും നടത്തുന്ന കബളിപ്പിക്കലാണ് വരുണിനെ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിലെ വരുണാസ്ത്രമാക്കുന്നത്.
വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ നാലു വിക്കറ്റ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കും.
സാന്റ്നറിന്റെ കൃത്യത
പന്തിനുമേലുള്ള നിയന്ത്രണവും കൃത്യതയുമാണ് മിച്ചല്‍ സാന്റ്നര്‍ എന്ന സ്പിന്നറിന്റെ കരുത്ത്. പന്ത് മികച്ച രീതിയില്‍ ടേണ്‍ ചെയ്യിക്കാനുള്ള കഴിവും സാന്റ്നറിനുണ്ട്. ദുബായില്‍ സാന്റ്നര്‍ ഇന്ത്യക്കു വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതാം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരേ 10 ഓവര്‍ പൂര്‍ത്തിയാക്കിയ ഏക ബൗളറായിരുന്നു സാന്റ്നര്‍. 4.10 മാത്രമായിരുന്നു ഇക്കോണമി.
വരുണ്‍ ചക്രവര്‍ത്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാന്റ്നറിന്റെ പന്തുകള്‍ക്കു വേഗം കുറവാണ്. 82.90 കിലോമീറ്ററാണ് സാന്റ്നറിന്റെ ഈ ചാമ്പ്യന്‍സ് ട്രോഫിയിലെ ശരാശരി വേഗത. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ 4.5 ഡിഗ്രി ശരാശരിയില്‍ ടേണ്‍ ചെയ്യിച്ച ബൗളറാണ് സാന്റ്നര്‍ എന്നതും ശ്രദ്ധേയം.
സാന്റ്നര്‍ എറിഞ്ഞതില്‍ 38.6 ശതമാനം പന്തുകളും 4.5 ശരാശരി ഡിഗ്രി ടേണ്‍ ചെയ്തു. സഹതാരം മൈക്കിള്‍ ബ്രെയ്സ്വെല്‍ മാത്രമാണ് ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ സാന്റ്നറിനേക്കാള്‍ ടേണിംഗ് നടത്തിയത്. സാന്റ്നറിന് ഒപ്പം ആറ് വിക്കറ്റ് വീഴ്ത്തിയ ബ്രെയ്സ്വെല്‍, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവരും ഇന്ത്യക്കെതിരായ ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ സ്പിന്‍ ആക്രമണം നയിക്കും.