നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപുണ്യത്തിന്റെ നാളുകള്‍ സമാഗതമായി. മലബാറില്‍ നോമ്പുകാലം ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാത്രി കാല ഭക്ഷണങ്ങളും മറ്റും ഏറെ വൈവിധ്യം നിറഞ്ഞതാണ്. നോമ്പുകാലത്ത് ശരിക്കും ഒരു ഫുഡ് സ്ട്രീറ്റാണ് ഇവിടം. പല ഭാഗങ്ങളിലും ഇതു തന്നെയാണ് രീതി.പതിവുപോലെ ചൂടുകാലമാണ്.
ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമങ്ങളിലും നല്ല ശ്രദ്ധ വേണം. വേനല്‍ കടുക്കുന്നതും വേനല്‍മഴയുടെ കുറവും ചൂട് വര്‍ധിപ്പിക്കുകയാണ്. ചൂട് കൂടുന്ന കാലാവസ്ഥയായതിനാല്‍ ശരീരത്തിലെ ജലാംശം കുറയുന്നതിനും സാധ്യതയുണ്ട്.ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട കാലമാണ് നോമ്പുകാലം. അതുകൊണ്ടുതന്നെ ഭക്ഷണ ക്രമീകരണങ്ങളിലടക്കം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.കടുത്ത ചൂടുള്ള സമയമായതിനാല്‍ പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി നോമ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണസാധനങ്ങളുണ്ട്. നോമ്പ് എടുക്കുമ്പോള്‍ ശരീരത്തിനു ക്ഷീണം ഉണ്ടാകാതിരിക്കാനും ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനും ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണ മെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
പുലര്‍ച്ചെയുള്ള ഭക്ഷണം
പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. രാവിലെ മിതമായും നോമ്പ് തുറന്നതിനുശേഷം അമിതമായും ഭക്ഷണം കഴിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത് ഒഴിവാക്കണം. പുലര്‍ച്ചെയുള്ള അത്താഴത്തില്‍ നല്ല രീതിയില്‍ ഭക്ഷണം കഴിക്കുക. തലേന്നത്തെ മാംസഭക്ഷണങ്ങള്‍ രാവിലെ ചൂടാക്കി കഴിക്കുന്നവരുണ്ട്. ഇത് ഒഴിവാക്കുക. പെട്ടെന്ന് വിശക്കാന് സാധ്യതയുള്ള ഭക്ഷണങ്ങളെക്കാള്‍ ഓട്സ് പോലുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്. വറുത്തതും പൊരിച്ചതും പുലര്‍ച്ചെ കഴിക്കാതിരിക്കുക. കഴിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍, ഡീപ് ഫ്രൈ ചെയ്യുന്നതിനു പകരം ഷാലോ ഫ്രൈ ചെയ്തവ കഴിക്കുക.
പഴങ്ങളും ഡ്രൈഫ്രൂട്ട്സും
ആപ്പിള്‍, തണ്ണിമത്തന്, ഏത്തപ്പഴം, പേരയ്ക്ക എന്നിവ പോലെയുള്ള പഴങ്ങള്‍ കഴിക്കാം. ഇവയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയം എന്നിവ ക്ഷീണം അകറ്റും. മുട്ടയുടെ വെള്ള ഡ്രൈഫ്രൂട്ട്സ് എന്നിവ കഴിക്കുന്നത് നല്ലതാണ്. പുളിയുള്ള പഴങ്ങള്‍ രാവിലെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. രാവിലെ ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലെ ജലാംശം കുറയുന്നത് ക്ഷീണം തോന്നുന്നതിനും യൂറിനറി ഇന്‍ഫെക്ഷനും കാരണമായേക്കാം.
തുറന്നതിനുശേഷമുള്ള ഭക്ഷണം എങ്ങനെ?
നോമ്പ് തുറന്നതിനുശേഷം ഭക്ഷണം പെട്ടെന്ന് കഴിക്കാന്‍ പാടില്ല. ഇത് ദഹനത്തിനും ആരോഗ്യത്തിനും പ്രശ്നങ്ങള്‍ വരുത്തുന്നു. കാരയ്ക്ക കഴിച്ച് നോമ്പ് തുറക്കാം. നോമ്പ്തുറയ്ക്ക് ശേഷം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഉപവാസസമയത്ത് ജലാംശം കുറഞ്ഞ് നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജ്യൂസ് കുടിക്കുന്നതിനെക്കാള്‍ പഴങ്ങളായി തന്നെ കഴിക്കുന്നതാണ് നല്ലത്.
അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍ പുളിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും അധികം പുളിയുള്ളത് എടുക്കാതിരിക്കുക. നാരങ്ങാവെള്ളത്തില്‍ ഉപ്പും മധുരവും ചേര്‍ത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയില്‍ പൊട്ടാസ്യം ഉപ്പില്‍ സോഡിയം പഞ്ചസാരയില്‍ ഗ്ലൂക്കോസും അടങ്ങിയിരിക്കുന്നതിനാല്‍ അത് ഇലക്ട്രോലൈറ്റായി പ്രവര്‍ത്തിക്കുന്നു. പാലുംവെള്ളവും ഈന്തപ്പഴവും കഴിക്കാം.
രാത്രിയിലും വറുത്തതും പൊരിച്ചതും കഴിവതും കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക. അല്ലാത്തപക്ഷം, അസിഡിറ്റിക്കും കൂടുതല്‍ പ്രശ്നങ്ങള്‍ക്കും കാരണമാകാം. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ നോമ്പ് കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ബേക്കറി, പാഴ്സല്‍ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. നോമ്പിന്റെ ഗുണം പൂര്‍ണമായും ലഭിക്കണമെന്നാണ് ആഗ്രഹമെങ്കില്‍, സസ്യാഹാരം ഉള്‍പ്പെടുത്തുന്നത് പ്രയോജനപ്പെടും. രാത്രിയില്‍ അമിതഭക്ഷണം ഒഴിവാക്കിയാല്‍ പിറ്റേദിവസം പകല്‍സമയത്തെ ക്ഷീണം കുറയും.
ഇവ ശ്രദ്ധിക്കുക
എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്ത വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പരമാവധി കുറയ്ക്കുക. കടുത്ത വെയിലുള്ളതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് കുറയ്ക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവരാണെങ്കില്‍ കുട എടുക്കാന്‍ മറക്കരുത്.ശരീരത്തില്‍ ജലാംശം കുറഞ്ഞ അവസ്ഥയായതിനാല്‍ കുറച്ചു നേരം വെയില് കൊണ്ടാല്തന്നെ ക്ഷീണം അനുഭവപ്പെടാം.
ജ്യൂസുകള്‍ കുടിക്കാനിഷ്ടപ്പെടുന്നവര് ഫ്രഷ് ജ്യൂസ് കുടിക്കാന്‍ ശ്രദ്ധിക്കുക. കടകളില്‍നിന്നു വാങ്ങുന്നവ പരമാവധി ഒഴിവാക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന ജ്യൂസില്‍ മധുരമിട്ടു കുടിക്കുന്നതും ഒഴിവാക്കുക. കാര്‍ബണേറ്റഡ് കുപ്പി പാനീയങ്ങളും വേണ്ട.മാംസാഹാരം ഒഴിവാക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തവര്‍ സസ്യാഹാരവും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
പച്ചക്കറികളും പഴങ്ങളും മിക്സ് ചെയ്ത് കഴിക്കുക.ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൂടാതെ ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങളില്‍ ഉപ്പ് കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. അതെ ശ്രദ്ധയോടെ നമുക്ക് നോമ്പ് കാലം ആചരിക്കാം.