പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് എ. പദ്മകുമാർ. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല, 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു.
50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞ് ഒമ്പതു വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നും പദ്മകുമാർ കുറ്റപ്പെടുത്തി. എന്നാൽ, സിപിഎം വിടില്ല, ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പദ്മകുമാർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. തൊട്ടു പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഇദ്ദേഹം ഉന്നയിച്ചിരുന്നു.
“ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പദ്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു.
അതേസമയം, പദ്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. ഇറങ്ങിപ്പോക്കിലും, തൊട്ടുപിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും.
മുതിർന്ന നേതാവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പദ്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. പദ്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി.