ദുബായ്: ഇന്ത്യൻസ് ചാന്പ്യൻസ്, ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ മൂന്നാം തവണയും ഇന്ത്യൻ മുത്തം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിനു കീഴടക്കി ഇന്ത്യ കപ്പിൽ മുത്തംവച്ചു. ചാന്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കുന്നത് മൂന്നാം തവണ. 2002, 2013 വർഷങ്ങളിൽ മുന്‍പ് ഇന്ത്യ ചാന്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ചാന്പ്യൻസ് ട്രോഫി നേട്ടത്തിലും ഇന്ത്യയെത്തി.
2000 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിൽനിന്നേറ്റ പരാജയത്തിനും രോഹിത് ശർമയും കൂട്ടരും പകരം വീട്ടി. ഇന്ത്യയുടെ ഏഴാം ഐസിസി ട്രോഫിയാണ്. മൂന്നു തവണ ചാന്പ്യൻസ് ട്രോഫിക്കൊപ്പം രണ്ടു തവണ വീതം ഏകദിന ലോകകപ്പും (1983, 2011) ട്വന്റി-20 ലോകകപ്പും (2007, 2014) ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായ 12-ാം തവണയായിരുന്നു ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയ്ക്കു ടോസ് നഷ്ടപ്പെടുന്നത്. ടോസ് ഭാഗ്യം തുണച്ച കിവീസ് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച തുടക്കം കുറിച്ചു. വിൽ യംഗും (15), രചിൻ രവീന്ദ്രയും (37) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 57 റണ്‍സ് നേടി. 2025 ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരേ ഓപ്പണിംഗ് വിക്കറ്റിൽ കുറിക്കപ്പെടുന്ന ആദ്യ 50+ കൂട്ടുകെട്ടായിരുന്നു. വിൽ യംഗിനെ വിക്കറ്റിനു മുന്നിൽ കുടുക്കി വരുണ്‍ ചക്രവർത്തിയാണ് ഇന്ത്യക്കു ബ്രേക്ക്ത്രൂ നൽകിയത്. രചിൻ രവീന്ദ്രയുടെ സ്റ്റംപ് കുൽദീപ് യാദവ് ഇളക്കി. തൊട്ടുപിന്നാലെ കെയ്ൻ വില്യംസണിനെ (11) റിട്ടേണ്‍ ക്യാച്ചിലൂടെ കുൽദീപ് മടക്കിയപ്പോൾ ന്യൂസിലൻഡ് സ്കോർ 12.2 ഓവറിൽ 75/3.
മിച്ചൽ, ബ്രെയ്സ്വെൽ
അഞ്ചാം വിക്കറ്റിൽ ഡാരെൽ മിച്ചലും (63), ഗ്ലെൻ ഫിലിപ്പ്സും (34) ചേർന്ന് 57 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഫിലിപ്പ്സിനെ വരുണ്‍ ബൗൾഡാക്കിയതോടെ മൈക്കിൾ ബ്രെയ്സ്വെൽ ക്രീസിൽ. 40 പന്തിൽ 53 റണ്‍സുമായി പുറത്താകാതെനിന്ന ബ്രെയ്സ്വെല്ലിന്റെ ഇന്നിംഗ്സാണ് ന്യൂസിലൻഡിനെ 250 കടത്തിയത്. രണ്ടു സിക്സും മൂന്നു ഫോറും ഈ സ്പിൻ ഓൾറൗണ്ടറുടെ ബാറ്റിൽനിന്നു പിറന്നു.
രോഹിത് – ഗിൽ
252 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ രോഹിത് ശർമയും (76) ശുഭ്മാൻ ഗില്ലും (31) മികച്ച തുടക്കം കുറിച്ചു. നേരിട്ട 41-ാം പന്തിൽ രോഹിത് അർധസെഞ്ചുറിയിലെത്തി. 17-ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 തികച്ചു. കിവീസിന്റെ സ്പിൻ ആക്രമണത്തിൽ ഗില്ലിന്റെ വിക്കറ്റ് വീണു.
50 പന്തിൽ 31 റണ്‍സായിരുന്നു ഗില്ലിന്റെ സന്പാദ്യം. ഗ്ലെൻ ഫിലിപ്പ്സിന്റെ അത്യുജ്വല ക്യാച്ചിലൂടെയായിരുന്നു ഗിൽ പുറത്തായത്. തൊട്ടുപിന്നാലെ വിരാട് കോഹ്ലി (1) ബ്രെയ്സ്വെല്ലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. രചിൻ രവീന്ദ്രയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ രോഹിത് ശർമയെ ടോം ലാഥം സ്റ്റംപ് ചെയ്തു. 83 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ 76 റണ്‍സ്. ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യക്കുവേണ്ടി കൂടുതൽ സിക്സ് നേടിയ (126) റിക്കാർഡിൽ എം.എസ്. ധോണിക്ക് ഒപ്പം രോഹിത് എത്തി.
ശ്രേയസ്-രാഹുൽ
ശ്രേയസ് അയ്യറും (48) അക്സർ പട്ടേലും (29) ചേർന്ന് നാലാം വിക്കറ്റിൽ 61 റണ്‍സ് കൂട്ടിച്ചേർത്തു. ഇന്നിംഗ്സിനിടെ ലൈഫ് ലഭിച്ചെങ്കിലും അർഹിച്ച അർധസെഞ്ചുറി ശ്രേയസിനു നഷ്ടമായി. വിജയവഴിയിൽ ഹാർദിക് പാണ്ഡ്യയുടെ (18) വിക്കറ്റും ഇന്ത്യക്കു നഷ്ടമായി. എന്നാൽ, 33 പന്തിൽ 34 റണ്‍സുമായി കെ.എൽ. രാഹുൽ പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു.
ന്യൂസിലൻഡ് ബാറ്റിംഗ്: വിൽ യംഗ് എൽബിഡബ്ല്യു ബി വരുണ്‍ 15, രചിൻ രവീന്ദ്ര ബി കുൽദീപ് 37, കെയ്ൻ വില്യംസണ് സി ആൻഡ് ബി കുൽദീപ് 11, ഡാരെൽ മിച്ചൽ സി രോഹിത് ബി ഷമി 63, ടോം ലാഥം എൽബിഡബ്ല്യു ബി ജഡേജ 14, ഗ്ലെൻ ഫിലിപ്പ്സ് ബി വരുണ്‍ 34, മൈക്കിൾ ബ്രെയ്സ്വെൽ നോട്ടൗട്ട് 53, മിച്ചൽ സാന്റ്നർ റണ്ണൗട്ട് 8, നഥാൻ സ്മിത്ത് നോട്ടൗട്ട് 0, എക്സ്ട്രാസ് 16, ആകെ 50 ഓവറിൽ 251/7.
വിക്കറ്റ് വീഴ്ച: 1-57, 2-69, 3-75, 4-108, 5-165, 6-211, 7-239. ബൗളിംഗ്: മുഹമ്മദ് ഷമി 9-0-74-1, ഹാർദിക് പാണ്ഡ്യ 3-0-30-0, വരുണ്‍ ചക്രവർത്തി 10-0-45-2, കുൽദീപ് യാദവ് 10-0-40-2, അക്സർ പട്ടേൽ 8-0-29-0, രവീന്ദ്ര ജഡേജ 10-0-30-1. ഇന്ത്യ ബാറ്റിംഗ്: രോഹിത് ശർമ സ്റ്റംപ്ഡ് ടോം ലാഥം ബി രചിൻ 76, ശുഭ്മാൻ ഗിൽ സി ഫിലിപ്പ്സ് ബി സാന്റ്നർ 31, വിരാട് കോഹ്ലി എൽബിഡബ്ല്യു ബി ബ്രെയ്സ്വെൽ 1, ശ്രേയസ് അയ്യർ സി രചിൻ ബി സാന്റ്നർ 48, അക്സർ പട്ടേൽ സി ഒറൂക്ക് ബി ബ്രൈയ്സ്വെൽ 29, രാഹുൽ നോട്ടൗട്ട് 34, ഹാർദിക് പാണ്ഡ്യ സി ആൻഡ് ബി ജമീസണ്‍ 18, രവീന്ദ്ര ജഡേജ നോട്ടൗട്ട് 9, എക്സ്ട്രാസ് 8, ആകെ 49 ഓവറിൽ 254/6. വിക്കറ്റ് വീഴ്ച: 1-105, 2-106, 3-122, 4183, 5-203, 6-241. ബൗളിംഗ്: കെയ്ൽ ജമീസണ്‍ 5-0-24-1, വിൽ ഒറൂക്ക് 7-0-56-0, നഥാൻ സ്മിത്ത് 2-0-22-0, സാന്റ്നർ 10-0-46-2, രചിൻ 10-1-47-1, ബ്രെയ്സ്വെൽ 10-1-28-2, ഫിലിപ്പ്സ് 5-0-31-0.