കോട്ടയം: കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിക്കുന്നതായി അവകാശപ്പെടുമ്പോഴും ബസുകളുടെ കാലപ്പഴക്കം സര്‍വീസിനെ ബാധിക്കുന്നു. അര ലക്ഷം രൂപ വരുമാനം ലഭിക്കുന്നതുള്‍പ്പെടെ വിവിധ ഡിപ്പോകളിലായി 35 സര്‍വീസുകളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ നിലച്ചത്. പുതിയ ബസുകള്‍ ഇറക്കുന്നില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നിലയ്ക്കുമെന്ന സാഹചര്യമാണ്.
ഈരാറ്റുപേട്ട, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി, ചങ്ങനാശേരി ഡിപ്പോകളില്‍ മുപ്പതിനായിരത്തിലേറെ രൂപ കളക്ഷനുള്ള അന്‍പതോളം സര്‍വീസുകളുണ്ട്. ഇവയില്‍ 12 എണ്ണം മാത്രമാണ് പുതിയ ബസുകള്‍.സംസ്ഥാനത്ത് 15 വര്‍ഷം പഴക്കമുളള 1261 ബസുകളുള്ളതില്‍ 120 ബസുകള്‍ കോട്ടയം ജില്ലയിലാണ്.
കെഎസ്ആര്‍ടിസിക്ക് ആകെയുള്ള 4,717 ബസുകളില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഒമ്പതു വര്‍ഷത്തിനിടെ വാങ്ങിയത് 151 ബസുകള്‍ മാത്രം. ഇതില്‍ 20 ബസുകളാണ് കോട്ടയം ജില്ലയ്ക്ക് ലഭിച്ചത്.എട്ടു മുതല്‍ ഒമ്പതു വര്‍ഷംവരെ കാലപ്പഴക്കമുളള 673 ബസുകളാണ് സംസ്ഥാനത്തുളളത്.
ഒമ്പതുമുതല്‍ പത്ത് വര്‍ഷംവരെ പഴക്കമുളള 857 ബസുകള്‍, 11 മുതല്‍ 12 വര്‍ഷം പഴക്കമുളള 362 ബസുകള്‍, 12 മുതല്‍ 13 വര്‍ഷം പഴകിയ 519 ബസുകള്‍, 13 മുതല്‍ 14 വര്‍ഷം വരെ പഴക്കമുളള 193 ബസുകള്‍, 14 മുതല്‍ 15 വർഷംവരെ പഴകിയ 698 ബസുകള്‍. പതിനഞ്ചില്‍ കൂടുതല്‍ വര്‍ഷം പഴക്കമുളള 1261 ബസുകളാണ് സംസ്ഥാനത്തുള്ളത്.
പതിനെട്ടു വര്‍ഷംവരെ പഴക്കമുള്ള ബസുകള്‍ ജില്ലയില്‍ ഇപ്പോഴും ഓര്‍ഡിനറി സര്‍വീസ് നടത്തുന്നുണ്ട്. ഉപയോഗശൂന്യമായ ബസുകള്‍ ടീ ഷോപ്പുകള്‍, ബുക്ക് സ്റ്റാളുകള്‍ എന്നിവയ്ക്ക് വാടകയ്ക്ക് നല്‍കാനുള്ള സംവിധാനം വിജയം കണ്ടില്ല.
കെഎസ്ആര്‍ടിസിയുടെ 80 ശതമാനം ബസുകളും പത്തുവര്‍ഷം കഴിഞ്ഞവയാണെന്നിരിക്കെ ആസന്നഭാവിയില്‍ ഒട്ടേറെ സര്‍വീസുകള്‍ നിലയ്ക്കും.
15 വര്‍ഷം കഴിഞ്ഞാല്‍ ഓടിക്കാനാകില്ലെന്നും കാലപ്പഴക്കം കൂടിയ ബസുകള്‍ സ്ക്രാപ്പ് ചെയ്യണമെന്നാണ് കേന്ദ്ര നിര്‍ദേശം.ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഓര്‍ഡിനറി സര്‍വീസിലേക്കു മാറ്റണം.
നിലവില്‍ ഈ കാറ്റഗറിയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ ഏറെയും പത്ത് വര്‍ഷം പഴക്കം ചെന്നവയാണ്. സൂപ്പര്‍ക്ലാസില്‍ നിന്നുള്ള ഒരു ബസ് ഓര്‍ഡിനറി സര്‍വീസിലേക്ക് മാറ്റുമ്പോള്‍ പുതിയ ബസ് പകരം ഇറക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.