സംശയരോഗിയായ ഭർത്താവിനെ ഭാര്യ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും വീട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ഭർത്താവ്, തന്റെ സംശയം തെറ്റാണെന്നു ബോധ്യമായതോടെ ക്ഷമ പറഞ്ഞു തടിതപ്പി. ഉത്തർപ്രദേശിലെ കാണ്പുരിലാണു സംഭവം.
ബിത്തൂർ ഏരിയയിൽ സ്പൈസി കമ്പനിയിലെ ജോലിക്കാരനാണു ഭാര്യയെ സംശയിച്ച് പൊല്ലാപ്പിലായ ഭർത്താവ്. ഭാര്യയ്ക്ക് മെഡിക്കല്‍ കോളജിലാണു ജോലി. ദീർഘനേരം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നു ഭർത്താവിനു സംശയം തോന്നുകയായിരുന്നു. കള്ളത്തരം കണ്ടുപിടിക്കാൻ ഭാര്യ അറിയാതെ അവരുടെ ഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാനുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഭാര്യ ഇതു കണ്ടുപിടിച്ചതോടെ വഴക്കായി.
വഴക്കിനിടെ ഭാര്യ തന്റെ കൈയിലിരുന്ന പിന് ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിക്കുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഭർത്താവ് പരാതിയുമായി നേരേ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് ഭാര്യയെയും ഭാര്യ വിളിച്ചിരുന്ന ആളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. തന്റെ മേലുദ്യോഗസ്ഥനുമായിട്ടായിരുന്നു ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്. അയാൾ തന്റെ മകനൊപ്പമാണു സ്റ്റേഷനിൽ എത്തിയത്.
ചോദ്യം ചെയ്യലും അന്വേഷണവും കഴിഞ്ഞപ്പോൾ ജോലി സംബന്ധമായ കാര്യങ്ങൾക്കാണ് ഇരുവരും ഫോണ്‍ ചെയ്തിരുന്നതെന്നും വഴിവിട്ട ബന്ധമൊന്നുമില്ലെന്നും വ്യക്തമായി. ഇതോടെ ഭര്‍ത്താവ് സ്റ്റേഷനില്‍ വച്ച് ഭാര്യയോടും ഭാര്യയുടെ മേലുദ്യോഗസ്ഥനോടും ക്ഷമ പറഞ്ഞു. ഭാര്യയുടെ മൊബൈലില്‍നിന്നു കോൾ റിക്കോർഡിംഗ് ആപ്പ് പോലീസ്തന്നെ നീക്കുകയുംചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.