തൊടുപുഴ: ഹരിതഭംഗികൊണ്ട് ആരുടെയും മനംകവരുന്ന രണ്ടേക്കർ തോട്ടത്തിൽ സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് സാജൻ കുഴിക്കാട്ടുകുന്നേൽ. നെടിയശാല സ്വദേശിയായ ഈ യുവ കർഷകൻ രണ്ടുപതിറ്റാണ്ടിലേറെയായി കൃഷിയിൽസജീവമാണ്. സമീപനാളിലാണ് വിവിധയിനം പഴവർഗങ്ങളുടെ കൃഷിയിലേക്ക് തിരിഞ്ഞത്. നേരത്തെ പരന്പരാഗത കൃഷികളായിരുന്നു അനുവർത്തിച്ചിരുന്നത്.
റംബുട്ടാൻ, അബിയു, ഫുലാസാൻ, മങ്കോസ്റ്റിൻ, റെഡ് ലേഡി തുടങ്ങിയ പഴവർഗങ്ങൾക്കൊപ്പം ആയുർജാക്ക് ഇനത്തിൽപ്പെട്ട പ്ലാവ്, വടുകപുളിയൻ നാരകം തുടങ്ങിയവയും തോട്ടത്തിൽ കൃഷി ചെയ്തുവരുന്നു. ചെടികൾ നനയ്ക്കുന്നതിനായി ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിന് രാസവളവും നൽകും. മണ്ണിന്റെ ഘടന പരിശോധിച്ചറിഞ്ഞ ശേഷമാണ് വളപ്രയോഗം. വേനൽക്കാലത്ത് പുതയിടും.സംസ്ഥാനത്തെ വിവിധ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച് പ്രായോഗികമായ അറിവുകൾ സ്വന്തമാക്കിയ ശേഷമാണ് കൃഷി ആരംഭിച്ചത്.
റെഡ്, യല്ലോ ഇനങ്ങളിൽപ്പെട്ട പപ്പായ നാളുകളായി കൃഷി ചെയ്തുവരുന്നുണ്ട്. സീസണിൽ മികച്ചവില ലഭിക്കുന്നതിനാൽ പപ്പായ കൃഷി ലാഭകരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. തൊടുപുഴ കാഡ്സിലാണ് പഴവർഗങ്ങൾ കൂടുതലായും വിൽക്കുന്നത്. തോട്ടത്തിൽ എത്തുന്ന ആവശ്യക്കാർക്കും പഴങ്ങളുടെ വിൽപ്പന നടത്തിവരുന്നുണ്ട്.
ആയുർജാക്ക് ഇനത്തിൽപ്പെട്ട സ്വാദിഷ്ടമായ വരിക്കച്ചക്ക പ്രദേശവാസികൾക്ക് സൗജന്യമായി നൽകാനും ഇദ്ദേഹത്തിനു മടിയില്ല.യാക്കോബായ സഭ മുൻ കേന്ദ്ര മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന ഇദ്ദേഹം തന്റെ സഭാപ്രവർത്തനങ്ങൾക്കിടയിലും മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നതിനു സമയം കണ്ടെത്തുന്നുണ്ട്.
ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കൾക്ക് അവരുടെ കൃഷിയിടത്തിലെത്തി ഫാം പ്ലാൻ തയാറാക്കി നൽകാനും കൃഷിരീതികൾ പറഞ്ഞുകൊടുക്കാനും ഈ യുവകർഷകൻ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്.തന്റെ രണ്ടേക്കർ പുരയിടത്തിൽ 60 റംബുട്ടാൻ, 100 റെഡ് ലേഡി, 40ഡി x ടി തെങ്ങിൻതൈകൾ, പത്തോളം അബിയു, 100-ഓളം ആയുർജാക്ക് പ്ലാവ് എന്നിവകൃഷിചെയ്തിട്ടുണ്ട്. തൈകളും വിത്തുകളും തെരഞ്ഞെടുക്കുന്നതിലും സാജന് തന്റേതായ ശൈലിയുണ്ട്.
കാർഷിക സർവകലാശാലയുടെ നഴ്സറികളിൽനിന്നു ഗുണമേന്മയുള്ള സ്വകാര്യ നഴ്സറികളിൽനിന്നുമാണ് തൈകൾ ലഭ്യമാക്കുന്നത്. തൈകളുടെ ഗുണനിലവാരം കൃത്യമായി മനസിലാക്കിയ ശേഷം മാത്രമേ ഇവ വാങ്ങുകയുള്ളൂ. ഗുണമേൻമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഈ യുവകർഷകൻ കാണിക്കാറില്ല.
സമയം കിട്ടുന്പോഴെല്ലാം കൃഷിയിടത്തിൽ ഓടിയെത്തി ഇവയെ കൃത്യമായി പരിപാലിക്കാനും ശ്രമിക്കാറുണ്ട്. സാജന്റെ പിതാവ് ഉൾപ്പെടെ പരന്പരാഗത വൈദ്യൻമാരായിരുന്നു. വാതചികിത്സയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഇവർ ഒട്ടേറെ രോഗികൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള 10ഓളം താളിയോല ഗ്രന്ഥങ്ങൾ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. മുത്തച്ചന്റെ സഹോദരൻ കെ.ടി. ജേക്കബ് ഇടുക്കി ജില്ലയിൽനിന്നുള്ള ആദ്യ മന്ത്രിയാണ്. റവന്യു വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
ഉടുന്പൻചോല മണ്ഡലത്തിൽനിന്നു സിപിഐ സ്ഥാനാർഥിയായാണ് അദ്ദേഹം വിജയിച്ചത്. ആതുരശുശ്രൂഷയിലും പൊതുപ്രവർത്തനരംഗത്തും കുടുംബത്തിൽപ്പെട്ടവർ മികവ് തെളിയിച്ചപ്പോഴും സാജന്റെ ശ്രദ്ധ കൃഷിയിലായിരുന്നു.
ഏതു ജോലിയെക്കാളും മനസിന് സന്തോഷം നൽകുന്ന ഒന്നാണ് കൃഷിയെന്നും തന്റെ കൃഷിരീതികൾ യുവതലമുറയിൽപ്പെട്ട നിരവധിപേർക്ക് പ്രചോദനമായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
- ജെയിസ് വാട്ടപ്പിള്ളിൽ