ഭാഗ്യം വരുന്ന വഴികളെക്കുറിച്ച് മുൻകൂട്ടി പറയാനാവില്ല. അമേരിക്കക്കാരിയായ മാരിസ ആൽക്രോണിന് (27) ഭാഗ്യം വന്നത് ഒരു ചിത്രത്തിന്റെ രൂപത്തിലായിരുന്നു. മാരിസ തന്റെ പ്രതിശ്രുതവരനായ ആരോൺ ഹാലിക്കൊപ്പം ഒഹായോയിലെ ഓക്ക്വുഡിലേക്കുള്ള വീട്ടിലേക്കു പോകുന്ന വഴി ഒരു ചാരിറ്റി ഷോപ്പിൽ കയറി. അവിടെ അടുത്തിടെ എത്തിയ ചില വസ്തുക്കൾ കടയുടമ അവരെ കാണിച്ചു. അതിൽ മാരിസയ്ക്ക് ഇഷ്ടപ്പെട്ടത് ഒരു പെയിന്റിംഗ് ആയിരുന്നു. 253 രൂപയ്ക്ക് (2.90 ഡോളർ) അവളത് വാങ്ങുകയുംചെയ്തു.
തിരികെ കാറിലെത്തിയശേഷം അവൾ പെയിന്റിംഗ് സൂക്ഷിച്ചു നോക്കിയപ്പോൾ മൂലയിലായി ചിത്രകാരന്റേതെന്നു കരുതുന്ന ഒപ്പുണ്ടായിരുന്നു. ചിത്രകാരനായ ജോഹാൻ ബെർത്തൽസന്റെ പേരായിരുന്നു അത്. കൗതുകംകൊണ്ട് ആ പേര് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ വിസ്മയിച്ചു പോയി. പ്രശസ്ത ചിത്രകാരൻ ജോഹാൻ ബെർത്തൽസൺ ആയിരുന്നു അത്.
സിൻസിനാറ്റിയിലെ കാജ സൈക്സ് ആർട്ട് ഗാലറിയുമായി ബന്ധപ്പെട്ടപ്പോൾ പെയിന്റിംഗിന് 1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് അവർ കണക്കാക്കിയത്. പെയിന്റിംഗ് ലേലം ചെയ്യാനും അടുത്തവർഷം നടക്കാനിരിക്കുന്ന വിവാഹത്തിന് ആ തുക ഉപയോഗിക്കാനും തീരുമാനിച്ചിരിക്കുകയാണ് മാരിസ. ഇതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ വൈറലായി.