കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പടുത്താതെ മുതിർന്ന നേതാവ് പി. ജയരാജനെ തഴഞ്ഞതിൽ കണ്ണൂരിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും കടുത്ത അമർഷം.
പാർട്ടിയുടെ വിവിധതലങ്ങളിൽ പ്രവർത്തിച്ചും ജില്ലാ സെക്രട്ടറി, സംസ്ഥാനസമിതിയംഗം എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടും ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തത് പാർട്ടിയിലെ ചിലരുടെ സ്വാർഥ താത്പര്യം കൊണ്ടാണെന്നാണ് അനുഭാവികൾ ആരോപിക്കുന്നത്.
അതിനിടെ ജയരാജന് പിന്തുണ പ്രഖ്യാപിച്ച് നവമാധ്യമങ്ങളിലൂടെ അണികൾ അഭിവാദ്യമർപ്പിക്കുന്നുണ്ട്. ചില പോസ്റ്റുകളിൽ ജയരാജന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം നേതൃത്വത്തിലെ ചിലരെ പരോക്ഷമായും വിമർശിക്കുന്നു.
പ്രശോഭ് കൈതേരി എന്നയാൾ ഇട്ട ഇത്തരമൊരു പോസ്റ്റിൽ ഇത്തരമൊരു പോസ്റ്റിൽ പി. ജയരാജന്റെ മകൻ ജയിൻ രാജ് ഉൾപ്പടെയുള്ളവരെ ടാഗ് ചെയ്തിട്ടുണ്ട്.
”ഈ ഇടം കയ്യനാൽ ചുവന്ന കുറെയേറെ മണ്ണുണ്ട് ഇവിടെ. ആ മണ്ണിൽ തലയെടുപ്പോടെ വേരുറപ്പിച്ചു നിൽക്കും ഈ മനുഷ്യൻ’ എന്ന കുറിപ്പോടെ പിന്നിൽ കൈ കെട്ടി റെഡ് വോളന്റിയർ മാർച്ച വീക്ഷിക്കുന്ന പി. ജയരാജന്റെ ഫോട്ടോസഹിതമാണ് പ്രശോഭ് കൈതേരിയുട ഫേയ്സ്ബുക്ക് പോസ്റ്റ്.