ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയ്ക്കെതിരേ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്നു ക്ഷമാപണവുമായി ഡിസൈനർമാരായ ശിവനും നരേഷും.
റംസാൻ സമയത്ത് നടത്തിയ ഷോ മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾ അഗാധമായി വേദനിക്കുന്നുവെന്നും സർഗാത്മകയെ ആഘോഷിക്കുക എന്നതായിരുന്നു തങ്ങൾ ഉദേശിച്ചതെന്നും ഇരുവരും എക്സിൽ വ്യക്തമാക്കി.
ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, പ്രാദേശിക സാഹചര്യം പരിഗണിക്കാതെയുള്ള നടപടിക്കെതിരേ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്നു പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിൽ ഒമർ അബ്ദുള്ളയെയാണ് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തിയത്. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു.