സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം ഇന്നലെ കുറച്ചുസമയം തടസപ്പെട്ടതിൽ വലിയ ഗൂഢാലോചന സംശയിക്കുന്നതായി ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്.
ഇതിനു പിന്നില്‍ സംഘടിതമായ ഏതെങ്കിലും വലിയ ഏകോപിത ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു മസ്ക് പ്രതികരിച്ചു. ഞങ്ങൾ ദിവസവും ആക്രമിക്കപ്പെടുന്നു. ധാരാളം സന്നാഹങ്ങൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. സൈബർ അക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ചു വരികയാണെന്നും മസ്ക് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നിനും ഒമ്പതിനും ഇടയില്‍ എക്സ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാനോ എന്തെങ്കിലും പോസ്റ്റ് ചെയ്യാനോ കഴിയാത്ത സാഹചര്യം ഉണ്ടാകുകയായിരുന്നു. മൂന്നു തവണ തടസമുണ്ടായി. ഓരോ തടസവും ഒരു മണിക്കൂറോളം നീണ്ടു. ഈ സംഭവത്തോടെ പ്ലാറ്റ്ഫോമിന്റെ സുരക്ഷ ചര്‍ച്ചാവിഷയമായിട്ടുണ്ട്.