കൊല്ലം: നഗരമധ്യത്തിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശാരദാ മഠത്തിന് സമീപം സിഎസ്ഐ പള്ളിക്ക് (ഇംഗ്ലീഷ് പള്ളി) സമീപത്തെ സെമിത്തേരിയോട് ചേർന്നുള്ള കാട് മൂടിയ ഭാഗത്താണ് അസ്ഥികൂടം കണ്ടെത്തിയത്. സെമിത്തേരിയിൽ നിന്ന് 100 മീറ്റർ അകലെയാണ് ഇത് കാണപ്പെട്ടത്.
ഇന്ന് രാവിലെ പള്ളി അധികൃതർ സെമിത്തേരിക്ക് സമീപത്തെ പൈപ്പ് പൊട്ടിയതിന്റെ തകരാർ പരിഹരിക്കുന്ന ആവശ്യത്തിന് എത്തിയപ്പോഴാണ് കരിയിലകൾ മൂടിക്കിടക്കുന്ന സ്ഥലത്ത് സ്യൂട്ട് കേസും അതിനുള്ളിൽ അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. ഉടൻ പള്ളി അധികൃതർ ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്യൂട്ട് കേസും അസ്ഥികൂടവും പരിശോധിച്ചു.
അസ്ഥികൂടത്തിന് ഏറ്റവും കുറഞ്ഞത് രണ്ട് വർഷത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്ഥികൂടം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് പോലീസ് തീരുമാനം.
റോഡിൽനിന്ന് സ്യൂട്ട് കേസ് സെമിത്തേരിയിലേക്ക് വലിച്ചെറിഞ്ഞതാകാം എന്നാണ് പോലീസ് കരുതുന്നത്. ഇത് സ്ഥിരീകരിക്കാൻ റോഡിന് ഇരുവശവുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കാൻ നടപടികൾ തുടങ്ങി കഴിഞ്ഞു. എവിടെയെങ്കിലും വീട് നിർമിക്കുന്നതിനോ മറ്റ ആവശ്യങ്ങൾക്കോ കുഴിയെടുത്തപ്പോൾ കിട്ടിയ അസ്ഥികൂടം സെമിത്തേരി പരിസരത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും ഉണ്ട്.
കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മാസങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ ഉപേക്ഷിച്ചതാണ് എന്ന പ്രാഥമിക വിലയിരുത്തലിലാണ് പോലീസ്. സംഭവം അറിഞ്ഞ് വൻ ജനാവലിയും സ്ഥലത്ത് എത്തുകയുണ്ടായി.