ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക മൗറീഷ്യസ് സന്ദർശനത്തിനു തുടക്കം. ഇന്നു രാവിലെ പോർട്ട് ലൂയിസ് വിമാനത്താവളത്തിലെത്തിയ മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാം സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻസമൂഹവും വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
നാളെ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയും മൗറീഷ്യസും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനാണു സന്ദർശനമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ധരം ഗൊഖൂൽ, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. മൊറീഷ്യസിലെ ഇന്ത്യൻ വിഭാഗവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.