പാചകവാതക സിലിണ്ടർ തുറന്നുവിട്ട് റീൽസെടുക്കാനുള്ള ശ്രമം വൻ പൊട്ടിത്തെറിയിൽ കലാശിച്ചു. രഞ്ജന ജാട്ട് എന്ന യുവതിയും ബന്ധുവായ അനിൽ ജാട്ടും ആണു കൈവിട്ട കളി നടത്തി അപകടത്തിലായത്.
സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറി ഉണ്ടായഏഴുനില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ലെഗസി പ്ലാസ കെട്ടിടസമുച്ചയത്തിൽ പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം.
വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിൽ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്. ഏകദേശം 17 മിനിറ്റ് ഇരുവരും വീഡിയോ ചിത്രീകരിച്ചു. ഈ സമയംകൊണ്ട്, അപ്പാർട്ട്മെന്റ് ഒരു ഗ്യാസ് ചേമ്പറായി മാറി. അതിനിടെ കൂടുതൽ വെളിച്ചം കിട്ടാൻ അനിൽ സിഎഫ്എൽ ലൈറ്റ് ഓണാക്കിയപ്പോൾ പെട്ടെന്നു തീ പടരുകയായിരുന്നു.
പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇത്തരം അപകടകരമായ വീഡിയോകൾ ഇവർ പതിവായി ചിത്രീകരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കത്തുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചതിന് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു.