കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്നു വിദ്യാര്‍ഥികള്‍ നാടുവിട്ട് മുംബൈയില്‍ എത്തിയ സംഭവത്തില്‍ തുടരന്വേഷണത്തിന് പോലീസ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുബൈയില്‍ എത്തി സമഗ്രമായ അന്വേഷണത്തിന് തയാറെടുക്കുകയാണ് അന്വേഷണസംഘം.
തുടരന്വേഷണങ്ങള്‍ക്കായാണ് പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം.
കുട്ടികളുടെ കൈവശം പതിനായിരത്തോളം രൂപയുണ്ടായിരുന്നു. ഇത് എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് വിദ്യാര്‍ഥികള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിലേക്ക് പോലീസ് കടന്നിട്ടുമില്ല. ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ തിരൂര്‍ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തിരുന്നു. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കുന്നതിന് മുമ്പായി അവര്‍ക്ക് കൂടി കൗണ്‍സിലിംഗ് നല്‍കും.
ഇതിനിടെ കുട്ടികളെ കൊണ്ടുപോയ അക്ബര്‍ റഹീമിനെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയിലേക്ക് ഉടന്‍ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കുട്ടികളുമായി നാലു മാസം മുമ്പ് മാത്രം ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ അടുക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ഫോട്ടോകളും ചാറ്റുകളും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പുറമെ നിന്നുള്ള മറ്റാര്‍ക്കും ബന്ധമില്ലെന്നുതന്നെയാണ് ഇപ്പോഴും പ്രാഥമിക നിഗമനം.