ഇരുപത്തിയെട്ടിന്റെ അന്നൊക്കെയാണ് കുട്ടികൾക്ക് കാത്കുത്ത് നടത്താറ്. ആ സമയത്ത് കുഞ്ഞുങ്ങൾ വളരെ ചെറുതാണല്ലോ. കാത് കുത്താൻ മോൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് പോലും നമുക്ക് ആ സമയത്ത് അറിയില്ല. അതുകൊണ്ട് തന്നെ ഞാൻ വിചാരിച്ചു ആ സമയത്ത് അവളുടെ കാത് കുത്തേണ്ടെന്ന്. മോള് വലുതായശേഷം അവളുടെ ഇഷ്ടത്തോടെ ചെയ്യാമെന്ന് കരുതിയെന്ന് നീരജ്.
ഇതേക്കുറിച്ച് ഭാര്യ ദീപ്തിയോട് ഞാൻ സംസാരിച്ചിരുന്നു. വേണമെന്ന് തോന്നുമ്പോൾ അവൾ തന്നെ ചോദിക്കട്ടെയെന്ന്. ഭാര്യയ്ക്കും അത് സമ്മതമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടിലായിരിക്കുമ്പോൾ എനിക്ക് മകളുടെ ഒരു വീഡിയോ കോൾ വന്നു. ക്ലാസിൽ എല്ലാവർക്കും കമ്മലുണ്ട്. എനിക്ക് മാത്രം കമ്മലില്ലെന്ന് മകൾ അതിൽ പരാതി പറയുന്നുണ്ടായിരുന്നു.
അവൾ ചോദിച്ചതുകൊണ്ട് കാത് കുത്ത് നടത്താമെന്ന് തീരുമാനിച്ചു. അവൾക്കും നേടിയെടുത്ത ഒരു ഫീലുണ്ടാകുമല്ലോ. മോൾക്ക് ഒരു നല്ല ഓർമയുമായിരിക്കും. കാത് കുത്തുമ്പോൾ മോൾക്ക് മൂന്ന് വയസായിരുന്നു. അതുകൊണ്ട് തന്നെ മോൾക്ക് നല്ല വേദനയുണ്ടാകുമെന്ന് ദീപ്തി എന്നോട് പറഞ്ഞിരുന്നു. വേദന അവൾക്ക് കൂടുതൽ മനസിലാകുന്ന പ്രായമാണല്ലോ. എന്നാൽ പിന്നെ ഒരു ഐക്യ ദാർഢ്യത്തിന് ഞാനും കൂടി കാത് കുത്താമെന്ന് തീരുമാനിച്ചു. അങ്ങനെ വേദന ഷെയർ ചെയ്യാൻ വേണ്ടി ഞാനും മോൾക്കൊപ്പം കാത് കുത്തി നീരജ് മാധവ് പറഞ്ഞു.