ന്യൂഡൽഹി: ഇന്ത്യക്കുമേൽ അമേരിക്ക ഇതുവരെയും പരസ്പര താരിഫുകൾ (റെസിപ്രോക്കൽ താരിഫ്) ചുമത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിപണിപ്രവേശനം നടത്തുന്നതിനും ഇറക്കുമതി തീരുവയും നികുതിയിതര തടസങ്ങളും കുറയ്ക്കുന്നതിലും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.
വ്യാപാര നിയന്ത്രണം, ആഭ്യന്തര വ്യാപാരങ്ങളുടെ സംരക്ഷണം, ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന വസ്തുക്കളുടെ നികുതിയുടെ വരുമാനം നേടുക തുടങ്ങിയവയാണ് ഇന്ത്യയുടെ നികുതിനയത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയിലധികം വർധിപ്പിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഇരുകൂട്ടർക്കും പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യഘട്ട ചർച്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായും കേന്ദ്ര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞു.
ഇന്ത്യ ഈടാക്കുന്ന ഉയർന്ന താരിഫ് അന്യായമാണെന്നു വിമർശിച്ച ട്രംപ്, ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അടുത്ത മാസം മുതൽ പരസ്പര താരിഫ് ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന നികുതിക്കു തത്തുല്യമായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തിരിച്ചും നികുതി ചുമത്തുന്നതിനെയാണ് പരസ്പര താരിഫ് എന്നതുകൊണ്ട് ട്രംപ് ഉദ്ദേശിച്ചത്. പ്രധാനമന്ത്രിയുമായി കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിലും ട്രംപ് സമാന നിലപാട് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ, കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അമേരിക്കൻ സന്ദർശനത്തിനുശേഷം അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അമേരിക്കയ്ക്ക് ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ സ്ഥിരം സമിതിയിലാണ് വാണിജ്യ മന്ത്രാലയം സെക്രട്ടറി സുനിൽ ബർത് വാൽ വിശദീകരണം നൽകിയത്. തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായെന്ന ട്രംപിന്റെ വാദങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കി തീരുവ കുറച്ചുവെന്നു കാണാൻ കഴിയില്ലെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി.