മുംബൈ: ലീലാവതി ആശുപത്രിയിൽ കോടികളുടെ ക്രമക്കേട്. ആശുപത്രിയുടെ മുൻ ട്രസ്റ്റികൾ 1,200 കോടി രൂപ വകമാറ്റി ചെലവഴിച്ചതായാണു പരാതി. വ്യാജ ഉത്തരവുകളിലൂടെയും രേഖകളിലൂടെയും കോടികൾ വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് മുൻ ട്രസ്റ്റിമാർക്കെതിരേ ലീലാവതി കീർത്തിലാൽ മെഹ്ത മെഡിക്കൽ ട്രസ്റ്റ് പരാതി നൽകി. ഇരുപതു വർഷമായി പണം ദുർവിനിയോഗം ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ നിലവിലെ ട്രസ്റ്റിമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുണ്ട്. പ്രതികൾ യുഎഇയിലേക്കും ബെൽജിയത്തിലേക്കും കടന്നതായാണ് റിപ്പോർട്ട്. ലീലാവതി ആശുപത്രിയുടെ സ്ഥാപകൻ കിഷോർ മേത്തയുടെ സഹോദരൻ വിജയ് മേത്തയും ബന്ധുക്കളും കൂട്ടാളികളും ഉൾപ്പെടെ മുൻ ട്രസ്റ്റിമാർ നടത്തിയ സാമ്പത്തിക ദുരുപയോഗത്തിന് മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.
ആരോഗ്യ മേഖലയുമായി ബന്ധമില്ലാത്ത കമ്പനികളായ മേഫെയർ റിയൽറ്റേഴ്സിലും വെസ്റ്റ ഇന്ത്യയിലും നിക്ഷേപിച്ച 11.52 കോടി രൂപയുടെ ദുരുപയോഗം സംബന്ധിച്ചാണ് ആദ്യത്തെ എഫ്ഐആർ. നിയമവിരുദ്ധ സാമ്പത്തിക നടപടികളിൽ സ്വീകരിച്ചതിനും 44 കോടി രൂപ ദുരുപയോഗം ചെയ്തതിനുമാണ് രണ്ടാമത്തെ എഫ്ഐആർ. ഇതുവരെ വാങ്ങിച്ചിട്ടില്ലാത്ത ആശുപത്രി ഉപകരണങ്ങൾക്കായി 1,200 കോടിയിലധികം രൂപ വകമാറ്റിയതിനാണ് മൂന്നാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 500 കോടി രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ട്രസ്റ്റിമാർക്കെതിരേ ആദായനികുതി വകുപ്പിന്റെ അന്വേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
ആശുപത്രിയിൽ ദുർമന്ത്രവാദം നടത്തിയതായും ആരോപണമുണ്ട്. ഒരു ട്രസ്റ്റിയുടെ ഓഫീസിന്റെ തറയുടെ താഴെനിന്ന് അസ്ഥികളും മുടിയും കണ്ടെത്തിയതായി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മുംബൈ പോലീസ് മുൻ കമ്മീഷണറുമായ പരംബീർ സിംഗ് പറഞ്ഞു. ഇവയെല്ലാം സീൽ ചെയ്ത് പോലീസിന് അയച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.