സുഹൃത്തിനെയും അയാളുടെ കാമുകിയെയും ബൈക്കിൽ കയറ്റി ബംഗളുരൂ നഗരത്തിലൂടെ ‘ചുംബനയാത്ര’ നടത്തിയ യുവാവിനു 4,000 രൂപ പിഴയിട്ട് കർണാടക പോലീസ്. രാഗി ഗുഡ്ഡ ബസ് സ്റ്റോപ്പിനും മെട്രോ സ്റ്റേഷനും ഇടയിലുള്ള സിസിടിവി കാമറയിലാണു ബൈക്കിലെ പ്രണയലീലകൾ പതിഞ്ഞത്. ഒരാഴ്ച മുന്പായിരുന്നു സംഭവം.
ബൈക്കോടിച്ച 23കാരനായ യുവാവിന്റെ പിന്നിലാണു സുഹൃത്ത് ഇരുന്നത്. തൊട്ടുപിന്നിൽ സുഹൃത്തിന്റെ കാമുകിയും. ചുംബനങ്ങൾ കൈമാറിയായിരുന്നു കമിതാക്കളുടെ സവാരി. മൂന്നു പേരും ഹെൽമറ്റു ധരിച്ചിരുന്നില്ല. ഇവരുടെ വിവാദയാത്ര പൊതുസമൂഹത്തിൽ ചർച്ചയായതോടെ യുവാവിനെ അയാളുടെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു.
4,000 രൂപ പിഴയടപ്പിച്ചശേഷം വിട്ടയച്ചു. മൂവരും മെഡിക്കൽ സ്റ്റോർ ജീവനക്കാരാണ്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനും അമ്മ വീട്ടുജോലിക്കാരിയുമാണ്. വായ്പയെടുത്താണ് തന്റെ മകന് അമ്മ ബൈക്ക് വാങ്ങിക്കൊടുത്തതെന്നു പറയുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.